വേൾഡ് കപ്പ് നേടിയതിനു ശേഷമുള്ള ആദ്യ തോൽവിയുമായി അർജന്റീന : ബ്രസീലിന് തുടർച്ചയായ രണ്ടാം പരാജയം |Brazil |Argentina

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ കരുത്തന്മാരായ ബ്രസീലിനും അര്ജന്റീനക്കും പരാജയം. സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ അര്ജന്റീനയെ ഉറുഗ്വേയാണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയമാണ് ഉറുഗ്വേ നേടിയത്.കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനെതിരെയും ഉറുഗ്വേ വിജയം നേടിയിരുന്നു. ബ്രസീലിനെ കൊളംബിയ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ബ്രസീലിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.

വെറ്ററൻ സ്‌ട്രൈക്കർ ലൂയിസ് സുവാരസിനെ ഉറുഗ്വേ ബെഞ്ചിലിരുത്തിയപ്പോൾ സൂപ്പർ താരം ലയണൽ മെസ്സിയെ അര്ജന്റീന ആദ്യ ഇലവനിൽ ഇറക്കി. അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. 13 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ അർജന്റീനക്ക് ആദ്യ അവസരം ലഭിച്ചെങ്കിലും ക്യാപ്റ്റന്റെ ഷോട്ട് ഉറുഗ്വേ കീപ്പർ റോഷെക്ക് അനായാസം തടുത്തു.

28 ആം മിനുട്ടിൽ ഡി ലാക്രൂസ് ഉറുഗ്വേയ്‌ക്കായി ഗോളടിക്കുന്നതിന്റെ അടുത്തെത്തി. 41 ആം മിനുട്ടിൽ അർജന്റീനയെ ഞെട്ടിച്ചു കൊണ്ട് ഉറുഗ്വേ ഗോളടിച്ചു. വലതു വിങ്ങിൽ നിന്നും മോളിനയിൽ നിന്നും പന്ത് റാഞ്ചിയെടുത്ത് വിന കൊടുത്ത പാസ് ഗോൾ കീപ്പർ മാർട്ടിനെസിനെ മറികടന്ന് അരൗഹോ വലയിലാക്കി ഉറുഗ്വേയെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തിൽ ഉറുഗ്വേ മുന്നേറ്റമാണ് കാണാൻ കഴിഞ്ഞത്.

55 ആം മിനുട്ടിൽ ബോക്‌സിന്റെ അരികിൽ ഡി മരിയയെ വീഴ്ത്തിയതിന് അർജന്റീനക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. ലയണൽ മെസിയുടെ ഫ്രീകിക്ക് ക്രോസ്സ് ബാറിൽ തട്ടി മടങ്ങി. ഉറുഗ്വേ പ്രതിരോധം കൂടുതൽ ശക്തമാക്കിയതോടെ അർജന്റീനയുടെ സമനില ഗോളിനായുള്ള എല്ലാ ശ്രമവും വിഫലമായി. 81 ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനെസിന്റെ ഹെഡ്ഡർ ഉറുഗ്വേ കീപ്പർ റോച്ചെ കൈപ്പിടിയിലോതുക്കി. 87 ആം മിനുട്ടിൽ ലിവർപൂൾ സ്‌ട്രൈക്കർ ഡാർവിൻ ന്യൂനസ് ഉറുഗ്വേയുടെ രണ്ടാം ഗോൾ നേടി.,

യുവ നിരയുമായി ഇറങ്ങിയ ബ്രസീൽ തുടക്കത്തിലേ ആക്രമിച്ചു കളിച്ചു. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും വിനീഷ്യസ് ജൂനിയർ നഷ്ടപ്പെടുത്തി. എന്നാൽ നാലാം മിനുട്ടിൽ മനോഹരമായ ഗോളിലൂടെ മാര്ടിനെല്ലി ബ്രസീലിനെ മുന്നിലെത്തിച്ചു. വിനീഷ്യസ് ജൂനിയറുമായുമായുള്ള വൺ to വൺ പാസ്സിങ്ങിനു ശേഷം കൊളംബിയൻ കീപ്പർ വർഗാസിനെ മറികടന്ന് പന്ത് സ്ലൈഡ് ചെയ്ത് മാര്ടിനെല്ലി ബ്രസീലിനായി ആദ്യ ഗോൾ നേടി.

ഗോൾ വീണതിന് പിന്നാലെ കൊളംബിയ ആക്രമണം ശക്തമാക്കി. വിങ്ങിലൂടെ മുന്നേറുന്ന ലൂയിസ് ഡയസ് ബ്രസീൽ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. കൊളംബിയ പലപ്പോഴും സമനില ഗോളിന് അടുത്തെത്തിയങ്കിലും ലക്‌ഷ്യം പൂർത്തീകരിക്കാൻ സാധിച്ചില്ല. അതിനിടയിൽ വിനീഷ്യസ് ജൂനിയർ പരിക്കേറ്റ് കയറിയത് ബ്രസീലിനു വലിയ തിരിച്ചടിയായി മാറി. രണ്ടാം പകുതിയുടെ 49 ആം മിനുട്ടിൽ ബ്രസീൽ താരം ബ്രൂണോ ഗുയിമാരേസ് എടുതെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്ത് പോയി.

53 ആം മിനുട്ടിൽ റാഫിൻഹയുടെ ലോങ്ങ് റേഞ്ച് ഷോട്ട് കൊളംബിയൻ കീപ്പർ വർഗാസ് രക്ഷപെടുത്തി. 73 ആം മിനുട്ടിൽ ഡയസിന്റെ ഷോട്ട് ലിവർപൂളിലെ അദ്ദേഹത്തിന്റെ സഹതാരം അലിസാണ് തടുത്തിട്ടു. 75 ആം മിനിറ്റിൽ കൊളംബിയ സമനില പിടിച്ചു.ഇടത് വിങ്ങിൽ നിന്നും ജെയിംസ് റോഡ്രിഗസ് കൊടുത്ത ക്രോസ്സ് മികച്ചൊരു ഹെഡ്ഡറിലൂടെ ലൂയിസ് ഡിയാസ് വലയിലാക്കി. തൊട്ടടുത്ത മിനുട്ടിൽ രണ്ടാം ഗോളിലൂടെ ഡിയാസ് കൊളംബിയയെ മുന്നിലെത്തിച്ചു. ഹെഡറിലൂടെ തന്നെയാണ് ലിവർപൂൾ താരം ഗോൾ നേടിയത്.ജെയിംസ് റോഡ്രിഗസിന്റെ മനോഹരമായ ക്രോസിൽ നിന്നായിരുന്നു ഡിയാസിന്റെ ഗോൾ പിറന്നത്.

5/5 - (1 vote)