അർജന്റീന കേരളത്തെ കളി പഠിപ്പിക്കും, മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി അംബാസിഡർ

ലയണൽ മെസിയുടെ സാന്നിധ്യം കൊണ്ടും താരത്തിന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കാൻ സാധ്യതയുള്ളതു കൊണ്ടും ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് വലിയ പിന്തുണയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ചത്. എല്ലാ ലോകകപ്പ് പോലെയും കേരളത്തിലെ ആരാധകരും വലിയ രീതിയിൽ തങ്ങളുടെ ടീമിന് വേണ്ടി ഏറ്റവും മികച്ച പിന്തുണയും പ്രചാരണവും നടത്തുകയും ചെയ്‌തു.

കേരളത്തിൽ അർജന്റീനക്ക് വേണ്ടി നടന്ന പ്രചാരണം ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ലോകകപ്പിന് ശേഷം അർജന്റീന ടീം നന്ദിയറിച്ചപ്പോൾ അതിൽ കേരളവും ഉൾപ്പെട്ടിരുന്നു. ഇപ്പോൾ കേരളത്തെ കളി പഠിപ്പിക്കാനുള്ള ഓഫർ അർജന്റീന നൽകിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

“അർജന്റീനയുടെ അംബാസഡർ ഹ്യൂഗോ സേവ്യർ ഗോബിയുമായുള്ള ഡൽഹിയിലെ കൂടിക്കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നു. ലോകകപ്പ് ഫുട്ബോൾ സമയത്ത് തന്റെ രാജ്യത്തിന് കേരളം നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഉപഹാരമായി അർജന്റീനയുടെ ദേശീയ ഫുട്ബോൾ ജഴ്‌സി സമ്മാനിച്ചു. ലോകഫുട്‍ബോളിന് അമൂല്യ സംഭാവനകൾ നൽകിയ രാജ്യമാണ് അർജന്റീന.”

“ഫുട്ബോൾ പ്രേമികൾ ധാരാളമായുള്ള കേരളത്തിന്റെ പുരുഷ – വനിതാ ടീമുകളെ പരിശീലിപ്പിക്കുന്നതിന് പിന്തുണ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കേരളം കൈവരിച്ച സാമൂഹികപുരോഗതിയെ അഭിനന്ദിക്കാനും ഹ്യൂഗോ സേവ്യർ ഗോബി മറന്നില്ല. കേരളത്തിന്റെ പ്രകൃതി ഭംഗി തന്നെ ഏറെ ആകർഷിച്ചതായി ജി.20 സമ്മേളനത്തിൽ പങ്കെടുക്കാൻ ഇവിടെ എത്തിയ അനുഭവം പങ്കുവച്ച് അദ്ദേഹം പറഞ്ഞു.”

ലോകകപ്പിന് പിന്നാലെയും കേരളത്തിലെ ഫുട്ബോൾ വികസനത്തിന് സഹായിക്കാമെന്ന് അർജന്റീനയിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു. ഇത് യാഥാർഥ്യമായാൽ കേരളത്തിലെ ഫുട്ബോൾ വളരാനുള്ള ദിശാബോധമുള്ള പ്രവർത്തനങ്ങൾ നൽകാൻ അർജന്റീനക്ക് കഴിയുകയും അതിൽ നിന്നും ഇന്ത്യൻ ഫുട്ബോളിലേക്ക് വലിയ രീതിയിലുള്ള സംഭാവന നൽകാൻ മലയാളക്കരക്ക് സാധിക്കുകയും ചെയ്യും.

Rate this post
ArgentinaLionel Messi