അർജന്റീന അടുത്ത വര്‍ഷം കേരളത്തിലെത്തും, ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി | Argentina

അർജൻ്റീന ദേശീയ ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിലെത്തും എന്ന വാർത്ത പുറത്ത് വന്നിരിക്കുകയാണ്.ടീമിന് കേരളത്തിലേക്ക് വരാനുള്ള അനുമതി അർജന്റീന ഫുട്ബോൾ അസോസിയേഷൻ നൽകിയെന്നാണ് സൂചന. അടുത്ത വർഷം ഓക്ടോബറിലാകും ടീം കേരളത്തിൽ എത്തുക.

അർജന്റീന കേരളത്തിലേക്ക് പന്തുതട്ടാൻ എത്തുമെന്ന് വ്യക്തമാക്കി കായിക മന്ത്രി വി അബ്‌ദുറഹിമാൻ. ഒന്നര മാസത്തിന് ശേഷം ടീം കേരളത്തിൽ എത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി അറിയിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.. ലയണൽ മെസി കേരളത്തിലെത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതു സംബന്ധിച്ച് അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷനാവും അന്തിമ തീരുമാനം എടുക്കുക.

മത്സര നടത്തിപ്പിനായി ഭീമമായ തുകയാകും ആവശ്യംവരിക. നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സ്‌പോണ്‍സര്‍ വഴിയാകും കണ്ടെത്തുക. കേരളത്തില്‍ രണ്ട് മത്സരങ്ങളാകും ടീം കളിക്കുക.ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ് അസോസിയേഷനാണ് മത്സരം നടത്താൻ സന്നദ്ധത അറിയിച്ചത്. ഏഷ്യയിലെ പ്രമുഖ രണ്ട് ടീമുകളാകും അര്‍ജന്റീനയുമായി കളിക്കുക.കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് മത്സരങ്ങള്‍ നടക്കുമെന്നാണ് സൂചന.സൗഹൃദ മത്സരം കളിക്കാന്‍ നേരത്തെ തന്നെ അര്‍ജന്‍റീന ഇന്ത്യയെ ക്ഷണിച്ചിരുന്നു.

എന്നാല്‍ അര്‍ജന്‍റീന ഫുട്‌ബോള്‍ ടീമിനെ ഇന്ത്യയിലെത്തിക്കാനുളള ചെലവ് കണക്കിലെടുത്ത് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ക്ഷണം നിരസിക്കുകയായിരുന്നു. സ്പെയിനിലെ അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) ചർച്ച നടത്താൻ ഉന്നതതല പ്രതിനിധി സംഘത്തെ കേരളം അയച്ചിരുന്നു.ഖത്തറിലെ ലോകകപ്പ് വിജയത്തിന് പിന്നാലെ അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ കായികമന്ത്രി വി അബ്ദുറഹിമാൻ നടത്തിയിരുന്നു.

Rate this post
ArgentinaLionel Messi