കഴിഞ്ഞ കുറെ വര്ഷങ്ങളായി മികച്ച താരങ്ങളെ അണിനിരത്തിയിട്ടും പ്രധാന ചാംപ്യൻഷിപ്പുകളിൽ അര്ജന്റീന കാലിടറി വീഴുന്നതിന്റെ പ്രധാന കാരണമായി വിദഗ്ധർ കണ്ടിരുന്നത് മികച്ച മധ്യ നിര താരങ്ങളുടെ അഭാവം തന്നെയാണ്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മുന്നേറ്റ നിരക്കാർ അണിനിരന്നിട്ടും മധ്യ നിരയിലെ നിലവാരമില്ലായ്മയാണ് പലപ്പോഴും അർജന്റീനക്ക് തിരിച്ചടിയാവാറുള്ളത്. റിക്വൽമിക്ക് ശേഷം അര്ജന്റീന ടീമിന്റെ മധ്യനിര കാര്യമായ ഒരു ഇമ്പാക്റ്റും ടീമിന് നൽകിയിട്ടില്ല. എന്നിരുന്നാലും അത് ഒരു പരിധിവരെ പിടിച്ചു നിന്നത് മഷെറാനോ മാത്രമാണ്.
നല്ലൊരു മധ്യനിരയുടെ കുറവ് കൊണ്ട് പലപ്പോഴും മുന്നേറ്റ നിരക്കാർക്ക് അവരുടെ ഏറ്റവും മികച്ചത് പുറത്തെടുക്കാനും സാധിച്ചില്ല.എന്നാൽ സ്കെലോണി അര്ജന്റീനയുട പരിശീലക സ്ഥാനം എറ്റ്റെടുത്ത മുതൽ മിഡ്ഫീൽഡിൽ മികച്ച താരങ്ങളെ വളർത്തിയെടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. അതിന്റെ ഒരു ഫലം തന്നെയായിരുന്നു കോപ്പ അമേരിക്ക കിരീടം നേടിയത്.അടുത്ത കാലത്തെ കളിയെടുത്ത് നോക്കിയാൽ കാണാം അര്ജന്റീനയുടെ മധ്യനിരയുടെ മാറ്റം. അർജന്റീന മധ്യനിരയുടെ ശക്തിയായി ഉയർന്നു വന്ന രണ്ടു താരങ്ങൾ ആയിരുന്നു അത്ലറ്റികോ മാഡ്രിഡ് താരം റോഡ്രിഗോ ഡി പോളും ടോട്ടൻഹാം താരം ജിയോവാനി ലോ സെൽസോയും. ഇവർ തമ്മിലുള്ള മികച്ച ധാരണ മധ്യ നിരയിൽ അർജന്റീനക്ക് കാര്യങ്ങൾ അനുകൂലമാക്കി.
എന്നാൽ ലോകകപ്പ് അടുത്തുകൊണ്ടിരിക്കുമ്പോൾ ലോ സെൽസോ പരിക്ക് മൂലം പുറത്തായിരിക്കുകയാണ്. ലാ ലീഗയിൽ വിയ്യ റയലിന്വേണ്ടി കളിക്കുമ്പോഴാണ് താരത്തിന് പരിക്കേൽക്കുന്നത്.താരത്തിന്റെ മസിലുകൾക്ക് ഡിറ്റാച്ച്മെന്റ് ഉണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതായത് ലോ സെൽസോക്ക് ഒരു സർജറി ആവശ്യമായി വന്നിരിക്കുകയാണ്. അങ്ങനെയങ്കിൽ താരത്തിന് ലോകകപ്പ് നഷ്ടപ്പെടും എന്നുറപ്പാണ്.അത് അർജന്റീനയെ വലിയ രീതിയിൽ ബാധിക്കുകയും ചെയ്യുമെന്നുറപ്പാണ്. ബാക്കിയുള്ള ചികിത്സകളിലൂടെ പരിക്കിൽ നിന്നും മുക്തനാവാൻ സാധിച്ചാൽ വേൾഡ് കപ്പ് പിടീമിൽ ഇടം കണ്ടെത്താൻ താരത്തിന് സാധിക്കും.
മിഡ്‌ഫീൽഡിലെ വളരെ പ്രധാനപ്പെട്ട താരമാണ് ലോ സെൽസോ എന്നുള്ള കാര്യത്തിൽ സംശയമില്ല. പരിശീലകനായ സ്‌കലോനിയുടെ കീഴിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയിട്ടുള്ള താരം ലോ സെൽസോയാണ്.7 അസിസ്റ്റുകളാണ് ഇദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്. സ്‌കലോണിക്ക് കീഴിൽ ലയണൽ മെസ്സിക്ക് ഏറ്റവും കൂടുതൽ പാസുകൾ നൽകിയിട്ടുള്ള താരവും ലോ സെൽസോ തന്നെയാണ്. 193 പാസുകളാണ് മെസ്സിക്ക് താരം നൽകിയിട്ടുള്ളത്.കഴിഞ്ഞ ലോകകപ്പ് സ്ക്വാഡിലുണ്ടായിട്ടും ഒരു കളിയിൽപ്പോലും സാംപോളി അവസരം കൊടുക്കാതിരുന്ന ഒരേ ഒരു താരമായ ലോ സെൽസോ വളരെ പ്രതീക്ഷയോടെയാണ് ലോകകപ്പിനായി കാത്തിരുന്നത്. ലിയാൻഡ്രോ പരേഡിസിനും റോഡ്രിഗോ ഡി പോൾക്കുമൊപ്പം സ്കലോനിയുടെ മധ്യനിര ഫോർമേഷനിൽ നിർണ്ണായക ഘടകമാണ് ലോ സെൽസോ.
റൊസാരിയോ സെൻട്രലിന്റെ ഉൽപന്നമാണ് ലോ സെൽസോ.26 ജൂലൈ 2016-ന് ലോ സെൽസോ ഫ്രഞ്ച് ഭീമന്മാരായ പാരീസ് സെന്റ്-ജെർമെയ്‌നിൽ 2021 വരെ അഞ്ച് വർഷത്തെ കരാറിൽ 8.5 മില്യൺ മാർജിൻ തുകയിൽ ചേർന്നു.2017 ഏപ്രിൽ 5 ന് യുഎസ് അവഞ്ചെസിനെതിരെ നടന്ന കൂപ്പെ ഡി ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അദ്ദേഹം ഫ്രഞ്ച് ടീമിനായി അരങ്ങേറ്റം കുറിച്ചു.30 ജനുവരി 2018 ന് റെന്നസിനെതിരെ 3-2 കൂപ്പെ ഡി ലാ ലിഗ് വിജയത്തിൽ പിഎസ്ജിക്കായി അദ്ദേഹം തന്റെ ആദ്യ ഗോൾ നേടി.
പിന്നീട റിയൽ ബെറ്റിസിൽ എത്തിയ താരം 2019 -2020 മുതൽ ടോട്ടൻഹാമിന്റെ താരമാണ്.2022 ൽ കൂടുതൽ അവസരത്തിനായി താരം വിയ്യ റയലിലേക്ക് വായ്പയിൽ പോവുകയും ചെയ്തു. സ്പാനിഷ് ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തിക്കുന്നതിൽ താരം വലയയാ പങ്കു വഹിച്ചു. റൊസാരിയോ സെൻട്രലിലെ ശ്രദ്ധേയമായ ചില പ്രകടനങ്ങൾ കാരണം, ലോ സെൽസോ 2016 ഒളിമ്പിക്‌സിനായുള്ള അർജന്റീന U23 സ്ക്വാഡിലേക്ക് ഒരു കോൾ-അപ്പ് നേടി. 2016 ഓഗസ്റ്റ് 4 -ന് പോർച്ചുഗലിനെതിരായ മത്സരത്തിൽ 72 -ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എസ്പിനോസയ്ക്ക് പകരം ലോ സെൽസോ അർജന്റീന U23 അരങ്ങേറ്റം നടത്തി.2017 നവംബർ 11 ന് റഷ്യക്കെതിരെ 1-0 വിജയം നേടി മത്സരത്തിൽ ലോ സെൽസോ അർജന്റീനയിൽ അരങ്ങേറ്റം കുറിച്ചു. അർജന്റീനക്ക് വേണ്ടി 41 മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്.