അർജന്റീനയുടെ നിർണായക താരം വേൾഡ് കപ്പിൽ നിന്നും പുറത്ത്,പകരമാര്? |Qatar 2022
ഖത്തർ വേൾഡ് കപ്പിന് തയ്യാറെടുക്കുന്ന അർജന്റീനക്ക് ഏറ്റവും വലിയ തിരിച്ചടി ഏൽപ്പിച്ചുകൊണ്ട് അവരുടെ നിർണായക താരമായ ജിയോ വാനി ലോ സെൽസോ വേൾഡ് കപ്പിൽ നിന്നും പുറത്തായി. അദ്ദേഹത്തിന്റെ ക്ലബ്ബായ വിയ്യാറയലാണ് ഇതുമായി ബന്ധപ്പെട്ട സ്റ്റേറ്റ്മെന്റ് പുറത്തിറക്കിയിട്ടുള്ളത്. പരിക്ക് മൂലമാണ് ലോ സെൽസോ ഖത്തർ വേൾഡ് കപ്പിൽ നിന്നും പുറത്തായിട്ടുള്ളത്.
താരത്തിന്റെ പരിക്ക് ഗുരുതരമാണ് എന്നുള്ള റിപ്പോർട്ട് നേരത്തെ തന്നെ ഉണ്ടായിരുന്നു.എന്നിരുന്നാലും സർജറി ഒഴിവാക്കിക്കൊണ്ട് എങ്ങനെയെങ്കിലും വേൾഡ് കപ്പിന് എത്താനുള്ള ശ്രമങ്ങളായിരുന്നു ലോ സെൽസോ നടത്തിയിരുന്നത്. എന്നാൽ സർജറി അത്യാവശ്യമാണെന്ന് ക്ലബ്ബ് അറിയിച്ചതോടെ ലോ സെൽസോക്ക് മുന്നിൽ വേൾഡ് കപ്പ് നഷ്ടപ്പെടുത്തുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു.
അർജന്റീനയെ സംബന്ധിച്ചിടത്തോളം മിഡ്ഫീൽഡിലെ വളരെ പ്രധാനപ്പെട്ട താരമാണ് ലോ സെൽസോ.ഡി പോൾ,പരേഡസ് എന്നിവർക്കൊപ്പം സ്ഥിരമായി കളിക്കുന്ന താരം കൂടിയാണ് ലോ സെൽസോ.സ്‌കലോണിക്ക് കീഴിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരവും മെസ്സിക്ക് ഏറ്റവും കൂടുതൽ പാസുകൾ നൽകിയ താരവുമൊക്കെ ലോ സെൽസോയാണ്. അതുകൊണ്ടുതന്നെയാണ് ഈ താരത്തിനൊത്ത പകരക്കാരൻ ഇല്ല എന്നുള്ളത് അർജന്റീന പരിശീലകൻ തുറന്നു പറഞ്ഞത്.
ആരായിരിക്കും ഇനി മിഡ്ഫീൽഡിൽ അദ്ദേഹത്തിന്റെ സ്ഥാനത്ത് എന്നുള്ളതാണ് ചോദ്യം.സ്‌ക്വാഡിൽ ബെൻഫിക്ക താരമായ എൻസോ ഫെർണാണ്ടസായിരിക്കും സ്ഥാനം കണ്ടെത്തുക.സ്റ്റാർട്ടിങ് ഇലവനിൽ ആരായിരിക്കും എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ട കാര്യം.മാക്ക് ആല്ലിസ്റ്റർ,പപ്പു ഗോമസ് എന്നിവർക്കൊക്കെയാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.
Official: Gio Lo Celso misses 2022 World Cup for Argentina. https://t.co/0g6nzS1HIG
— Roy Nemer (@RoyNemer) November 8, 2022
ഇതോടെ അർജന്റീനയുടെ സ്‌ക്വാഡ് 27 പേരായി ചുരുങ്ങിയിട്ടുണ്ട്.ഇനി ഒരു താരത്തിനാണ് സ്ഥാനം നഷ്ടമാവുക.യുവാൻ ഫോയ്ത്ത്,എയ്ഞ്ചൽ കൊറേയാ എന്നിവരിൽ ഒരാൾക്ക് ആയിരിക്കും സ്ഥാനം നഷ്ടമാവുക എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.പൗലോ ഡിബാല വേൾഡ് കപ്പിന് ഉണ്ടാവുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ.