ലയണൽ മെസ്സിക്കൊപ്പം അർജന്റീനയുടെ പത്താം നമ്പർ ജേഴ്സിയും വിരമിക്കുന്നു | Lionel Messi

അർജന്റീനിയൻ ഫുട്‌ബോളിന് മെസ്സി നൽകിയ സംഭാവനകളെ മാനിച്ച് ഐക്കണിക്ക് നമ്പർ ’10’ ജേഴ്സിയും അദ്ദേഹത്തോടൊപ്പം വിരമിക്കുമെന്ന് റിപ്പോർട്ട്. മെസ്സിക്കുള്ള ആജീവാനന്ത ആദരവായി ജഴ്സി പിൻവലിക്കുമെന്ന് അർജന്റീന ഫുട്ബാൾ ഫെഡറേഷൻ അധ്യക്ഷൻ ക്ലോഡിയോ ടാപിയ അർജന്റീനൻ മാധ്യമത്തോട് വ്യക്തമാക്കിയിരിക്കുകയാണ്.

”മെസ്സി ദേശീയ ടീമിൽ നിന്ന് വിരമിക്കുമ്പോൾ, അദ്ദേഹത്തിന് ശേഷം മറ്റാരെയും പത്താം നമ്പർ ധരിക്കാൻ ഞങ്ങൾ അനുവദിക്കില്ല. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഈ നമ്പർ ’10’ ആജീവനാന്തം വിരമിക്കും. അവനുവേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിത്”ക്ലോഡിയോ ചിക്വി ടാപിയ പറഞ്ഞു. നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം അർജന്റീനക്ക് ലോകകപ്പും കോപ്പ അമേരിക്കയും നേടിക്കൊടുത്ത നായകനാണ് ലയണൽ മെസ്സി.

അന്തരിച്ച മഹാനായ ഡീഗോ അർമാൻഡോ മറഡോണയുടെ ബഹുമാനാർത്ഥം 2002-ൽ അർജന്റീന ’10’ ജേഴ്‌സി പിൻവലിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.1 മുതൽ 23 വരെയുള്ള നമ്പറുകൾ ടീമുകൾ നിരബന്ധമായും ഉപയോഗിക്കണം എന്ന നിർദേശം ഫിഫയുടെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. നമ്പർ ഉപയോഗിക്കണമെന്ന ഫിഫയുടെ നിർദേശത്തെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു.

ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് മെസ്സി അവസാനമായി അർജന്റീനയ്ക്കായി കളിച്ചത്, അവിടെ ഡിഫൻഡർ നിക്കോളാസ് ഒട്ടാമെൻഡിയുടെ സ്‌ട്രൈക്കിൽ ടീമിന് 1-0 ന് ജയം നേടാനായി. സൗത്ത് അമേരിക്കൻ ടീമുകൾക്കായുള്ള വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അര്ജന്റീന. അർജന്റീനക്കായി 180 മത്സരങ്ങളിൽ നിന്ന് 106 ഗോളുകൾ ലയണൽ മെസ്സി നേടിയിട്ടുണ്ട്.

2.4/5 - (5 votes)
Lionel Messi