വീണ്ടുമൊരു അർജന്റീന ബ്രസീൽ പോരാട്ടം ..! അർജന്റീനയുടെ അപരാജിത കുതിപ്പ് തുടരുമോ ?

2019 ജൂലൈ 3, പൊട്ടിക്കരയുന്ന അർജന്റീനിയൻ ആരാധകരെ നോക്കി ചിരവൈരികളായ ബ്രസീൽ ആരാധകർ അവസാനമായി പൊട്ടിച്ചിരിച്ച ദിവസം. സൗത്തമേരിക്കൻ ഫുട്ബോളിന്റെ പോരാട്ടക്കളമായ കോപ്പ അമേരിക്കയുടെ സെമിയിൽ ബ്രസീൽ അർജന്റീനയെ എതിരില്ലാത്ത 2 ഗോളിന് പരാജയപ്പെടുത്തുന്നു, ലയണൽ മെസ്സി എന്ന ഫുട്ബോളർ അന്താരാഷ്ട്ര കിരീടങ്ങളില്ലാതെ പടിയിറങ്ങുമെന്ന് വിമർശകർ പ്രചരിപ്പിച്ചു തുടങ്ങി.

എന്നാൽ, പിന്നീട് കണ്ടത് ഫിനിക്സ് പക്ഷിയെ പോലെ ചാരത്തിൽ നിന്ന് ഉയർന്നുവരുന്ന അർജന്റീനയെ ആയിരുന്നു. ലയണൽ സ്കലോനി എന്ന അർജന്റീനക്കാരൻ മാനേജർക്ക് കീഴിൽ തോൽവിയറിയാതെ 25 മത്സരങ്ങൾ പിന്നിട്ട അർജന്റീനയെയാണ് ലോക ഫുട്ബോൾ ആരാധകർ സാക്ഷ്യം വഹിച്ചത്. ഇപ്പോഴും തുടരുന്ന ഈ വിജയ യാത്രയിൽ 27 വർഷത്തെ അന്താരാഷ്ട്ര കിരീട വരൾച്ചക്ക് വിരാമമിട്ട അർജന്റീന, 2021 കോപ്പ അമേരിക്ക ജേതാക്കളായി, അതും ബദ്ധവൈരികളായ ബ്രസീലിനെ ഫൈനലിൽ പരാജയപ്പെടുത്തി.

അന്താരാഷ്ട്ര ഫുട്ബോളിൽ പരാജയമറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ പൂർത്തീകരിച്ച ടീം ഇറ്റലിയാണ്. 2021 സെപ്തംബർ 6-ന് സ്വിറ്റ്സർലൻഡിനെതിരെയുള്ള ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സമനില വഴങ്ങി, 36 മത്സരങ്ങൾ അപരാജിതരായി ഇറ്റലി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഈ റെക്കോർഡിൽ ഇറ്റലിക്ക് പിറകിലുള്ളത്, തുടർച്ചയായ 35 മത്സരങ്ങൾ അപരാജിതരായ ബ്രസീലും സ്പെയിനുമാണ്. 1991 നും 93 നും ഇടയിൽ അർജന്റീന നടത്തിയ 31 മത്സരങ്ങളുടെ അപരാജിത കുതിപ്പാണ് പട്ടികയിൽ നാലാമത്.

നിലവിൽ ഏത് വമ്പന്മാരെയും പരാജയപ്പെടുത്താൻ കെൽപ്പുള്ള ടീമാണ് അർജന്റീന. 25 മത്സരങ്ങളുടെ അപരാജിത കുതിപ്പിൽ രണ്ട് തവണ ബ്രസീലിനെ പരാജയപ്പെടുത്തിയതും, സൗത്തമേരിക്കൻ ടീമുകൾക്ക് പുറമെ യൂറോപ്പ്യൻ വമ്പന്മാരായ ജർമനിയും, മെക്സിക്കോയുമെല്ലാം അർജന്റീനയുമായി കൊമ്പ് കോർത്തിട്ടും അർജന്റീനയുടെ അപരാജിത യാത്രയെ തടയിടാൻ ആവാത്തതും, ഇന്ന് ലോക ഫുട്ബാളിലെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായി അർജന്റീനയെ കണക്കാക്കപ്പെടുന്നു.

അർജന്റീനക്ക് ഈ അപരാജിത കുതിപ്പ് ഇനിയും എത്ര നാൾ തുടരാനാവും എന്ന ആകാംഷയിലാണ് ലോക ഫുട്ബോൾ ആരാധകർ. അതുകൊണ്ട് തന്നെയാണ് വരുന്ന നവംബർ 17 ന് നടക്കാനിരിക്കുന്ന ബ്രസീൽ അർജന്റീന ലോകകപ്പ് യോഗ്യത മത്സരം ശ്രദ്ധ ആകർഷിക്കുന്നത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുന്ന ബ്രസീൽ, നിലവിൽ ഒന്നാമതാണ്. എന്നാൽ, തോൽവി അറിഞ്ഞിട്ടില്ലെങ്കിലും 7 വിജയങ്ങളും 4 സമനിലകളുമായി അർജന്റീന പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇരു ടീമുകളുടെയും നിലവിലെ ഫോം വെച്ച് നോക്കിയാൽ മത്സരം പൊടിപാറുമെന്ന് ഉറപ്പ്.

ബ്രസീൽ അർജന്റീന മത്സരത്തിനായി സ്കലോനി പ്രഖ്യാപിച്ച സ്‌ക്വാഡിൽ 6 പുതുമുഖ താരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. കാൽമുട്ടിനേറ്റ പരിക്ക് കാരണം പിഎസ്ജിക്ക് വേണ്ടി അവസാന മത്സരങ്ങൾ കളത്തിലറങ്ങാത്ത സൂപ്പർതാരം മെസ്സിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡി മരിയ, ലൗതാര മാർട്ടിനെസ്, ഡിബാല, ഡി പോൾ, പരേഡ്സ്, ലോ സെൽസോ, ഒട്ടാമെന്റി, ക്രിസ്ത്യൻ റോമേറൊ എന്നിവർക്കൊപ്പം പരിക്ക് മാറി മെസ്സി കൂടെ കളത്തിൽ ഇറങ്ങിയാൽ ബ്രസീൽ വിയർക്കും എന്ന കാര്യത്തിൽ സംശയമില്ല.

Rate this post