ട്രാൻസ്ഫർ ജാലകം അടക്കുന്ന അവസാന ദിവസത്തിലാണ് ഫ്രീ ഏജന്റായ സൂപ്പർതാരം എഡിൻസൺ കാവാനിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നത്. ഏഴു വർഷത്തെ പിഎസ്‌ജി കരിയറിന് ശേഷമാണ് കവാനി പിഎസ്‌ജിയുമായി കരാർ അവസാനിപ്പിക്കുന്നത്. എന്നാൽ യുണൈറ്റഡിൽ ആദ്യമത്സരം കളിക്കുന്നതിനു മുമ്പേ തന്നെ അർജന്റീനിയൻ ലീഗിൽ കളിക്കുന്നതിന്റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് കവാനി.
യുണൈറ്റഡ് താരത്തെ സമീപിക്കുന്നതിനു മുമ്പേ തന്നെ ബൊക്ക ജൂനിയർസിൽ നിന്നും താരത്തിനു ഓഫറുകളുണ്ടായിരുന്നു. ബൊക്കയുടെ വൈസ് പ്രസിഡണ്ടും അർജന്റൈൻ ഇതിഹാസവുമായ യുവാൻ റോമൻ റിക്വൽമിയുമായി സംസാരിച്ചിരുന്നുവെന്നും കവാനി വെളിപ്പെടുത്തി.
“വളരെ ബഹുമാനത്തോടെ റോമൻ എനിക്കെഴുതിയിരുന്നു. ഇവിടത്തെ എന്റെ സാഹചര്യത്തേക്കുറിച്ചും ഒപ്പം ശമ്പളത്തേക്കുറിച്ചും വളരെ ബഹുമാനപൂർവം സംസാരിച്ചിരുന്നു. ബൊക്ക ലോകത്തെ തന്നെ വമ്പന്മാരാണ്. ഏതൊരു കളിക്കാരനും അവിടെ കളിക്കാൻ ആഗ്രഹിക്കും. അവിടെ ചുരുക്കം ഉറുഗ്വായൻ താരങ്ങളും കളിച്ചിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തെ പിന്തുടരുമ്പോൾ അവിടുത്തെ ഫുട്ബോളിനോടും കുറച്ചു ആകാംഷയുണ്ട്.”
“റോമനുമായുള്ള സംഭാഷണത്തിൽ ചില രഹസ്യങ്ങളും പങ്കുവെച്ചിരുന്നു. അത് അദ്ദേഹത്തോട് തന്നെ നിങ്ങൾക്ക് ചോദിച്ചറിയാം. നമുക്ക് നോക്കാം ഭാവിയിൽ എന്താണ് സംഭിക്കുകയെന്നത്. ഒരിക്കൽ ബൊക്കക്കായി കളിക്കാൻ സാധിക്കുകയെന്നത് വളരെ നല്ല കാര്യമായിരിക്കും.”കവാനി ഇഎസ്പിഎന്നിനോട് പറഞ്ഞു. ഒപ്പം യുണൈറ്റഡിനൊപ്പം രണ്ടുവർഷത്തെ വർഷത്തെ കരാറാണുള്ളതെന്നും മികച്ചകളി ഇവിടെ പുറത്തെടുക്കാൻ ശ്രമിക്കുമെന്നും കവാനി കൂട്ടിച്ചേർത്തു.