സൂപ്പർ താരങ്ങളുടെ പരിക്കുകൾ, പ്രതികരിച്ച് അർജന്റൈൻ പരിശീലകൻ സ്കലോനി

ഇനി ഖത്തർ വേൾഡ് കപ്പിന് വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇത്തവണ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ലയണൽ മെസ്സിയുടെ അർജന്റീനയുമുണ്ട്. എന്നാൽ പരിക്കുകൾ ഇപ്പോൾ എല്ലാ ടീമുകളെ പോലെയും അർജന്റീനക്കും വലിയ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്.

സൂപ്പർതാരങ്ങളായ ഡി മരിയ,പൗലോ ഡിബാല,ജോക്കിൻ കൊറെയ,യുവാൻ ഫോയ്ത്ത് എന്നിവരൊക്കെ പരിക്കിന്റെ പിടിയിലാണ്. ഇതിൽ ഡിബാലയുടെ കാര്യമാണ് ഏറ്റവും കൂടുതൽ ആശങ്ക ഉണ്ടാക്കുന്നത്. മാത്രമല്ല തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വരുന്നതിനാൽ ഒട്ടുമിക്ക താരങ്ങൾക്കും ഫിറ്റ്നസ് പ്രശ്നങ്ങൾ വരുന്നുണ്ട്.

സൂപ്പർ താരം ലയണൽ മെസ്സിക്ക് ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഏതായാലും ഈ പരിക്കുകളോട് ഇപ്പോൾ അർജന്റീനയുടെ പരിശീലകനായ സ്‌കലോനി പ്രതികരിച്ചിട്ടുണ്ട്. ഭയപ്പെടുത്തുന്ന ഒക്ടോബർ മാസമാണെന്നും എന്നാൽ പേടിക്കാതെ സ്വാഭാവികമായ രീതിയിൽ കളിക്കാനാണ് താരങ്ങൾ ശ്രമിക്കേണ്ടതെന്നുമാണ് സ്‌കലോനി പറഞ്ഞിട്ടുള്ളത്.

‘ ഞങ്ങൾ വളരെ ബുദ്ധിമുട്ടുള്ള ഒരു സന്ദർഭത്തിലാണ് ഇപ്പോൾ ഉള്ളത്. താരങ്ങൾ വളരെയധികം മത്സരങ്ങൾ ഇപ്പോൾ കളിക്കുന്നു.ഭയപ്പെടുത്തുന്ന ഒരു ഒക്ടോബർ മാസമാണിത്. ഏതൊരു പ്രധാനപ്പെട്ട താരത്തിന്റെയും ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ തന്നെയാണ്.എന്തെങ്കിലും സംഭവിക്കുമ്പോൾ എനിക്ക് ആശങ്കകൾ ഉണ്ട്.പക്ഷേ നമുക്ക് കൂടുതലൊന്നും ചെയ്യാൻ സാധിക്കില്ലല്ലോ. എന്താണ് സംഭവിക്കുക എന്ന് ആശങ്കപ്പെടാതെ താരങ്ങൾ കളത്തിലേക്ക് ഇറങ്ങി കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.ഒരുപക്ഷേ പരിക്കുകൾ പറ്റിയേക്കാം.അതിനെ ഭയപ്പെടാതെ സ്വാഭാവികമായ രീതിയിൽ അവർ കളിക്കട്ടെ ‘ ഇതാണ് സ്‌കലോനി പറഞ്ഞിട്ടുള്ളത്.

അർജന്റീനക്ക് മാത്രമല്ല, ഒട്ടുമിക്ക ദേശീയ ടീമുകൾക്കും പരിക്ക് ഇപ്പോൾ വില്ലനാവുന്നുണ്ട്.തുടർച്ചയായ മത്സരങ്ങളാണ് ഇപ്പോൾ താരങ്ങൾക്ക് ഈ സീസണിൽ കളിക്കേണ്ടി വരുന്നത്. അതിന്റെ അനന്തരഫലമെന്നോണമാണ് ഈ പരിക്കുകൾ ഏൽക്കേണ്ടിവരുന്നത്.

Rate this post
ArgentinaLionel Scaloni