ആസ്റ്റൺ വില്ലക്ക് വേണ്ടി ചരിത്രനേട്ടം കുറിച്ച് അർജന്റീന താരം എമിലിയാനോ മാർട്ടിനസ് |Emi Martinez

ഖത്തറിൽ അർജന്റീനയുടെ വിജയത്തിന്റെ കേന്ദ്രബിന്ദു ആയിരുന്നു ഗോൾ കീപ്പർ എമിലിയാനൊ മാർട്ടിനെസ്.ഫൈനൽ ഉൾപ്പെടെ അർജന്റീനയുടെ വിജയത്തിൽ ആസ്റ്റൺ വില്ല കീപ്പർ നിർണായക പങ്കു വഹിക്കുകയും ചെയ്തു. എന്നാൽ ലോകകപ്പിൽ വിജയം നേടിയതിനു ശേഷമുണ്ടായ പ്രവൃത്തികളുടെ പേരിൽ കടുത്ത വിമർശനം നേരിടേണ്ടി വന്നിട്ടുള്ള താരമാണ് എമിലിയാനോ മാർട്ടിനസ്.

എന്നാൽ തന്റെ മികച്ച ഫോം ക്ലബിന് വേണ്ടി തുടരുകയാണ് മാർട്ടിനെസ്. ഇന്നലെ പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെ വിജയം സ്വന്തമാക്കിയ ആസ്റ്റൺ വില്ലക്കു വേണ്ടി ഗംഭീരപ്രകടനമാണ് അർജന്റീനിയൻ ഗോൾകീപ്പർ പുറത്തെടുത്തത് . എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആസ്റ്റൺ വില്ല വിജയം നേടിയ മത്സരത്തിൽ എമിലിയാനോയുടെ തകർപ്പൻ സേവുകളും നിർണായകമായിരുന്നു.

മത്സരത്തിൽ ഏഴു സേവുകളാണ് അർജന്റീന താരം നടത്തിയത്. അതിൽ ആറെണ്ണവും ബോക്സിന്റെ ഉള്ളിൽ നിന്നുമുള്ള ഷോട്ടുകൾ ആയിരുന്നു. അതിനു പുറമെ ആറു റിക്കവറികളും എമിലിയാനോ നടത്തി. മത്സരത്തിൽ ആസ്റ്റൺ വില്ല താരങ്ങളിൽ കൂടുതൽ റേറ്റിംഗ് ലഭിച്ചതും എമിലിയാനോക്കു തന്നെയായിരുന്നു.

ആസ്റ്റൺ വില്ലക്കും അർജന്റീനക്കും വേണ്ടി കളിച്ച കഴിഞ്ഞ ഏഴു മത്സരങ്ങളിൽ ആറാമത്തെ ക്ലീൻ ഷീറ്റാണ് താരം സ്വന്തമാക്കുന്നത്. വില്ലക്കായി നൂറു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഏറ്റവുമധികം ക്ലീൻഷീറ്റ് നേടിയ താരമെന്ന റെക്കോർഡും ഇതോടെ എമിലിയാനോ സ്വന്തമാക്കി. 34 ക്ലീൻ ഷീറ്റാണ് താരം നേടിയത്.

ഖത്തർ ലോകകപ്പിനു ശേഷം എമിലിയാനോ മാർട്ടിനസിനു നേരെ ഒരുപാട് വിമർശനങ്ങൾ വന്നിരുന്നു. താരത്തിന്റെ ഓരോ പിഴവും എതിരാളികൾ ആഘോഷിച്ചു. എന്നാൽ അതിലൊന്നും പതറാതെ തന്റെ ആത്മവിശ്വസം വീണ്ടും വീണ്ടും കളിക്കളത്തിൽ കാണിക്കാൻ താരത്തിന് കഴിയുന്നു.

ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി പൊരുതാൻ മികച്ചൊരു ക്ലബിലേക്കു ചേക്കേറണമെന്ന ആഗ്രഹം എമിലിയാനോക്കുണ്ട്. താരത്തിൽ ഏതാനും ക്ലബുകൾക്കും വളരെ താൽപര്യമുണ്ട്. എന്നാൽ നിലവിലെ ഫോമിൽ എമിലിയാനോയെ വിട്ടു കൊടുക്കാൻ വില്ല തയ്യാറാകുമോ എന്നു സംശയമാണ്.