റഷ്യൻ ലോകകപ്പിന് ശേഷം ഓഗസ്റ്റ് 2018ൽ ലയണൽ സ്കലോണി പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോൾ അർജന്റീന ഫിഫ റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനത്തായിരുന്നു.മറ്റൊരു ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ, ഇപ്പോൾ വന്ന ഏറ്റവും ഒടുവിലത്തെ ഫിഫ ലോക റാങ്കിങ്ങിൽ അർജന്റീന മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ്.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ അര്ജന്റീന എത്ര ഉയർന്നു എന്നതാ ഫിഫ റാങ്കിങ്ങിൽ നിന്നും എല്ലാവര്ക്കും മനസ്സിലാക്കാനായി സാധിക്കും.ഇതിനിടയിൽ 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യ അന്താരാഷ്ട്ര കിരീടം നേടിയ അവർ ഈ വര്ഷം ഇറ്റലിയെ കീഴടക്കി ഫൈനലിസിമ കിരീടവും നേടി. കഴിഞ്ഞ മൂന്നു വർഷമായി അര്ജന്റീന തോൽവി അറിയാതെയാണ് മുന്നേറി കൊണ്ടിരിക്കുന്നത്. അർജന്റീനയുടെ ഈ മുന്നേറ്റത്തിൽ കളിക്കാർക്കൊപ്പം വലിയ പങ്കു വഹിച്ചത് അവരുടെ പരിശീലകനായ ലയണൽ സ്കെലോണിയാണ്.
“അർജന്റീനയുടെ സ്ഥിതി മോശമാണ്, ടീം മോശമാണ്. ഈ ടീം നല്ലതല്ല. പദ്ധതിയില്ല, ഘടനയില്ല..” 2019 ൽ കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനോട് പരാജയപ്പെട്ട് അര്ജന്റീന ഫൈനൽ കാണാതെ പുറത്തായപ്പോൾ പരിശീലകൻ ലയണൽ സ്കെലോണിയും ,അര്ജന്റീന ടീമും ഏറ്റുവാങ്ങിയ വിമർശനമായിരുന്നു ഇത്.പൊട്ടിക്കരയുന്ന അർജന്റീനിയൻ ആരാധകരെ നോക്കി ചിരവൈരികളായ ബ്രസീൽ ആരാധകർ അവസാനമായി പൊട്ടിച്ചിരിച്ച ദിവസം കൂടിയായിരുന്നു അത്.എന്നാൽ, പിന്നീട് കണ്ടത് ഫിനിക്സ് പക്ഷിയെ പോലെ ചാരത്തിൽ നിന്ന് ഉയർന്നുവരുന്ന അർജന്റീനയെ ആയിരുന്നു.ലയണൽ സ്കലോനി എന്ന അർജന്റീനക്കാരൻ മാനേജർക്ക് കീഴിൽ തോൽവിയറിയാതെ 32 മത്സരങ്ങൾ പിന്നിട്ട അർജന്റീനയെയാണ് ലോക ഫുട്ബോൾ ആരാധകർ പിന്നീട കണ്ടത്.
ഇപ്പോഴും തുടരുന്ന ഈ വിജയ യാത്രയിൽ 28 വർഷത്തെ അന്താരാഷ്ട്ര കിരീട വരൾച്ചക്ക് വിരാമമിട്ട അർജന്റീന, 2021 കോപ്പ അമേരിക്ക ജേതാക്കളായി, അതും ബദ്ധവൈരികളായ ബ്രസീലിനെ ഫൈനലിൽ പരാജയപ്പെടുത്തി.കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ട് പതിനൊന്നു മാസങ്ങൾ കഴിഞ്ഞപ്പോൾ മറ്റൊരു പ്രധാന കിരീടം കൂടി സ്വന്തമാക്കിയിരിക്കയാണ് അർജന്റീന. ഇപ്പോൾ അർജന്റീനക്കാർ ലക്ഷ്യം വെക്കുന്നത് ആറു മാസങ്ങൾക്ക് ശേഷം നടക്കാൻ പോവുന്ന ഖത്തർ ലോകകപ്പാവും.
2018 ൽ അർജന്റീനയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോൾ 2019 ൽ നടന്ന കോപ്പ അമേരിക്ക ആയിരുന്നു സ്കെലോണിയുടെ ആദ്യ വലിയ ദൗത്യം. എന്നാൽ സെമിയിൽ തൊട്ട് പുറത്തായതോടെ വിമർശനവും ഏറ്റുവാങ്ങേണ്ടി വന്നു.എന്നാൽ മൂന്നാം സ്ഥതിനുള്ള മത്സരത്തിൽ ചിലിക്കെതിരായ 2-1 ന്റെ വിജയം പലതും ഉറപ്പിച്ചുള്ളതായിരുന്നു.പിന്നീടങ്ങോട്ട് സൂപ്പർ താരം ലയണൽ മെസ്സിയെ മുൻനിർത്തിയുള്ള പദ്ധതികളുമായി മുന്നേറിയ സ്കെലോണി അത്ഭുതങ്ങൾ കാണിക്കുന്നത് കാണാൻ സാധിച്ചു. കളിക്കാരെ തെരഞ്ഞെടുക്കുന്നതിലും അവരെ ശെരിയായ സ്ഥലത്ത് വിന്യസിക്കുന്നതിലും അവരിൽ നിന്നും ഏറ്റവും മികച്ചത് എങ്ങനെ ലഭിക്കും എന്നതിലെല്ലാം അദ്ദേഹം തന്റെ മികവ് കാണിച്ചു. അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ സ്കെലോണിയുടെ കീഴിലാണ് നമുക്ക് കാണാൻ സാധിച്ചത് .
ഒരു മികച്ച യൂണിറ്റായി ടീമിനെ കൊണ്ട് പോകുന്നു എന്നതും വിജയത്തിൽ പ്രധാനമായ കാര്യമാണ്. ഡീപോൾ , ഡി സെൽസോ , എമിലിയാണോ മാർട്ടിനെസ് ,താഗ്ലിഫിയോ , നിക്കോ മാർട്ടിനെസ് , റോമെറോ… തുടങ്ങിയ താരങ്ങളെ തേച്ചു മിനിക്കിയെടുത്ത പരിശീലകൻ അവരുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ അര്ജന്റീന ജേഴ്സിയിൽ കാണിച്ചു തരുകയും ചെയ്തു.കോപ്പ അമേരിക്കയിൽ എമിലിയാണോ മാർട്ടിനെസിന്റെ പ്രകടനം ഇതിനൊരു വലിയ ഉദാഹരണമാണ്. മുന്നേറ്റനിരയുടെ കരുതിനൊപ്പം പ്രതിരോഷത്തിലെ മികവും എടുത്തു പറയേണ്ടതാണ്.
തോൽവി അറിയാതെ മുന്നേറി കൊണ്ടിരിക്കുന്ന അവസാന 32 മത്സരങ്ങളിൽ 20 മത്സരങ്ങളോളത്തിൽ അവർ ഗോൾ വഴങ്ങിയിട്ടില്ല എന്നത് പ്രധാനപ്പെട്ട കാര്യമാണ്.ഒത്തിണക്കത്തോടെ കളിക്കുന്ന താരങ്ങളും അവരുടെ ആത്മവിശ്വാസവും അതിനെയെല്ലാം നയിക്കാൻ ലയണൽ മെസിയെ പോലൊരു താരത്തിന്റെ സാന്നിധ്യവുമെല്ലാം ഖത്തർ ലോകകപ്പ് ലക്ഷ്യമിട്ട് തയ്യാറെടുക്കുന്ന ടീമുകൾക്ക് വലിയ ഭീഷണി തന്നെയാണ് ഉയർത്തുന്നത്