നിർണായക പോരാട്ടത്തിൽ മെക്സിക്കോയെ കീഴടക്കി പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി അര്ജന്റീന. എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് അര്ജന്റീന നേടിയത്. ലയണൽ മെസ്സി യും പകരക്കാരനായി ഇറങ്ങിയ എൻസോ ഫെർണാണ്ടസുമാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.
സൗദി അറേബ്യക്കെതിരെ ഇറങ്ങിയ ടീമിൽ നിന്നും അഞ്ചു മാറ്റങ്ങളുമായാണ് അർജന്റീന മെക്‌സിക്കോക്കെതിരെ ഇറങ്ങിയത്. ക്രിസ്റ്റിയന്‍ റൊമേറോയ്ക്ക് പകരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ടാഗ്ലിഫിക്കോയ്ക്ക് പകരം മാര്‍ക്കോസ് അക്യുന, നഹ്വെല്‍ മൊളിനയ്ക്ക് പകരം ഗോണ്‍സാലോ മൊണ്ടിയെല്‍, ലിയാന്‍ഡ്രോ പരെഡെസിന് പകരം ഗൈഡോ റോഡ്രിഗസ്, പപ്പു ഗോമസിന് പകരം അലെക്‌സിസ് മാക് അല്ലിസ്റ്റര്‍ എന്നിവര്‍ ആദ്യ ഇലവനിലെത്തി.
മെക്സിക്കോ കൃത്യമായ ഗെയിം പ്ലാനോട് കൂടിയാണ് ഇന്നത്തെ മത്സരത്തിനിറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ അർജന്റീനയുടെ മുന്നേറ്റങ്ങൾ ഫലപ്രദമായി തടയാൻ മെക്സിക്കൻ പ്രതിരോധത്തിന് സാധിച്ചു.ലയണല്‍ മെസ്സിയുടെ 21-ാം ലോകകപ്പ് മത്സരമാണിത്. ഇതോടെ മെസ്സി അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഡീഗോ മാറഡോണയുടെ റെക്കോഡിനൊപ്പമെത്തി .മെസ്സിയേയും ഏയ്ഞ്ചല്‍ ഡി മരിയയേയും മെക്‌സിക്കോ താരങ്ങള്‍ കൃത്യമായി പൂട്ടിയതോടെ കളി മധ്യനിരയില്‍ മാത്രമായി ഒതുങ്ങി. 34-ാം മിനിറ്റില്‍ ഫ്രീകിക്കില്‍ നിന്നുള്ള മെസ്സിയുടെ ഷോട്ട് നേരേ പോസ്റ്റിലേക്ക്. എന്നാല്‍ പന്ത് ഗോള്‍കീപ്പര്‍ ഗില്ലെര്‍മോ ഒച്ചാവോ പന്ത് തട്ടിയകറ്റി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുൻപായി മെക്സികോക്ക് ലഭിച്ച ഫ്രീകിക്ക് എമിലിയാണോ മാർട്ടിനെസ് കൈപ്പിടിയിലൊതുക്കി.
രണ്ടാം പകുതിയിൽ മെക്സിക്കോയുടെ പ്രതിരോധ പൂട്ട് പൊളിക്കാനുള്ള ശ്രമത്തിലാണ് അര്ജന്റീന.51 ആം മിനുട്ടിൽ അർജന്റീനക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ലയണൽ മെസ്സിയുടെ കിക്ക് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. 64 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ തകർപ്പൻ ഗോളിൽ അര്ജന്റീന ലീഡെടുത്തു. പെനാൽറ്റി ബോക്സിനു പുറത്ത് നിന്നും മനോഹരമായ ഇടം കാൽ ഗ്രൗണ്ടറിലൂടെ മെക്സിക്കൻ ഗോൾ കീപ്പർ ഒച്ചവയെ മെസ്സി കീഴടക്കി പന്ത് വലയിലെത്തിച്ചു.ഗോൾ നേടിയതിനു ശേഷം അര്ജന്റീന കൂടുതൽ ഉണർന്നു കളിച്ചു.ഈ ഗോളോടെ തുടര്‍ച്ചായി ആറ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗോളടിക്കാന്‍ മെസ്സിയ്ക്ക് സാധിച്ചു.
87 ആം മിനുട്ടിൽ പകരക്കാരനായി അരങ്ങൊയ എൻസോ ഫെർണാണ്ടസ് സ്കോർ 2 -0 ആക്കി മാറ്റി. ലയണൽ മെസ്സിയുടെ അസ്സിസ്റ്റിൽ നിന്നും മനോഹരമായ ഫിനിഷിംഗിലൂടെ ബെൻഫിക്ക താരം പന്ത് വലയിലെത്തിച്ചു.