ആഴ്‌സണൽ നായകൻ ഒഡേഗാർഡ് ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന് പ്രീമിയർ ലീഗ് ഇതിഹാസം|Martin Odegaard

റയൽ മാഡ്രിഡിൽ നിന്നും ആഴ്‌സണലിലേക്ക് എത്തിയതിനു ശേഷം നോർവീജിയൻ മെസിയെന്ന തന്റെ പഴയ വിളിപ്പേരിനെ സാധൂകരിക്കുന്ന പ്രകടനമാണ് മാർട്ടിൻ ഒഡേഗാർഡ് നടത്തുന്നത്. ഈ സീസണിൽ ആഴ്‌സനലിന്റെ കുതിപ്പിൽ നിർണായക പങ്കു വഹിക്കുന്ന താരമിപ്പോൾ ടീമിന്റെ നായകൻ കൂടിയാണ്. ആഴ്‌സണൽ പ്രീമിയർ ലീഗ് നേടിയാൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമായി ഒഡേഗാർഡ് തിരഞ്ഞെടുക്കപ്പെടാനും സാധ്യതയുണ്ട്.

അതേസമയം മാർട്ടിൻ ഒഡേഗാർഡ് ആഴ്‌സണലിൽ തന്നെ ദീർഘകാലം തുടരാനുള്ള സാധ്യതയില്ലെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസതാരം റിയോ ഫെർഡിനാൻഡ് പറയുന്നത്. ഈ സീസണിൽ എട്ടു ഗോളുകളും അഞ്ച് അസിസ്റ്റും മധ്യനിരതാരമായി കളിച്ചു നേടിയ ഒഡേഗാർഡിനെ പ്രശംസിക്കുന്ന സമയത്താണ് ബാഴ്‌സലോണ ടീം താരത്തെ സ്വന്തമാക്കാൻ സാധ്യതയുണ്ടെന്ന പ്രവചനം ഫെർഡിനാൻഡ് നടത്തിയത്.

“ഈ സീസണിലെ ഏറ്റവും മികച്ച താരമായി ഞാൻ തിരഞ്ഞെടുക്കുന്നത് ഒഡേഗാര്ഡിനെയാണ്. ഹാലാൻഡ് ഗോളുകൾ നേടുന്നത് കുറയുകയും ആഴ്‌സണൽ ലീഗ് നേടുകയും ഒഡേഗാർഡ് ഇതേ ഫോം തുടരുകയും ചെയ്‌താൽ അതങ്ങിനെ തുടരും. ബാഴ്‌സലോണ പോലെയുള്ള ഏതെങ്കിലും ക്ലബ്ബിലേക്ക് മാത്രമേ താരം പോവുകയുള്ളൂ. അവർ ഓഫറുമായി വരികയാണെങ്കിൽ നടക്കാൻ പോകുന്നത് വ്യത്യസ്‌തമായ കാര്യമായിരിക്കും.” ഫെർഡിനാൻഡ് പറഞ്ഞു.

ആഴ്‌സണൽ ആരാധകർക്ക് ഫെർഡിനാന്റിന്റെ വാക്കുകൾ ഒട്ടും സ്വീകാര്യമാവാൻ സാധ്യതയില്ല. എന്നാൽ ഇരുപത്തിനാലുകാരനായ താരത്തിന് 2025 വരെ ആഴ്‌സണലുമായി കരാറുണ്ടെന്നത് അവർക്ക് ആശ്വാസമാണ്. എന്നാൽ അതിനു ശേഷവും താരത്തിന് കരിയർ നിരവധി വർഷങ്ങൾ ബാക്കിയുള്ളതിനാൽ എന്തും സംഭവിക്കാനുള്ള സാധ്യതയുണ്ട്.

ആഴ്‌സനലിന്റെ ഫോമായിരിക്കും ഇക്കാര്യത്തിൽ നിർണായകമാവുക. പ്രീമിയർ ലീഗിലും യൂറോപ്പിലും മികച്ച പ്രകടനം നടത്താൻ ആഴ്‌സണൽ ടീമിന് കഴിഞ്ഞാൽ ഒഡേഗാർഡ് ക്ലബിനൊപ്പം തന്നെ തുടരും. അതുണ്ടായില്ലെങ്കിൽ താരം മെച്ചപ്പെട്ട ഓഫറുകൾ സ്വീകരിച്ച് ക്ലബ് വിടുന്നതാവും സംഭവിക്കുക.

Rate this post