സ്‌പെഷ്യൽ വൺ ഹോസെ മൊറീന്യോ വീണ്ടും ചെൽസിയിലേക്ക് തിരിച്ചെത്താൻ സാധ്യത

ചെൽസി ആരാധകർ എന്നും ഓർക്കുന്ന പരിശീലകനാണ് ഹോസെ മൗറീന്യോ. രണ്ടു തവണയായി ചെൽസിയെ പരിശീലിപ്പിച്ച അദ്ദേഹം മൂന്നു പ്രീമിയർ ലീഗ് ഉൾപ്പെടെ എട്ടു കിരീടങ്ങൾ ചെൽസിക്ക് സ്വന്തമാക്കി നൽകി. മൗറീന്യോ വീണ്ടും ചെൽസിയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന നിരവധി ആരാധകരുണ്ട്. അവരുടെ ആഗ്രഹം നടക്കാനുള്ള സാധ്യതയുണ്ടെന്നാണു ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചെൽസിയിലേക്ക് തിരിച്ചു പോകാൻ മൗറീന്യോക്ക് എല്ലായിപ്പോഴും താല്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഇംഗ്ലീഷ് ക്ലബ്ബിനെ ബന്ധപ്പെടുന്നുമുണ്ട്. പരിശീലകസ്ഥാനത്തേക്ക് ഒഴിവ് വരുമ്പോൾ താല്പര്യമുണ്ടോയെന്ന് അറിയാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതേസമയം നിലവിൽ ഗ്രഹാം പോട്ടറെ തന്നെ പരിശീലകനായി തുടരാനാണ് ചെൽസി താൽപര്യപ്പെടുന്നത്.

നിലവിൽ റോമയുടെ പരിശീലകനായ മൗറീന്യോ കഴിഞ്ഞ സീസണിൽ അവർക്ക് യുവേഫ കോൺഫറൻസ് ലീഗ് കിരീടം നേടിക്കൊടുത്തിരുന്നു. ഈ സീസണിൽ ടീമിനെ ടോപ് ഫോറിലെത്തിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാമെന്ന പ്രതീക്ഷ അവർക്കുണ്ട്. പക്ഷെ ക്ലബിൽ നിന്നും സാമ്പത്തികമായ പിന്തുണ വേണ്ടത്ര ലഭിക്കാത്തത് മൗറീന്യോക്ക് അതൃപ്തിയുണ്ടാക്കുന്നതാണ് അദ്ദേഹം ചെൽസിയിലേക്ക് തിരിച്ചെത്താനുള്ള സാധ്യത തേടുന്നത്.

അതേസമയം ഈ സീസണിൽ ചെൽസി അത്ര മികച്ച ഫോമിലല്ല കളിക്കുന്നത്. ഗ്രഹാം പോട്ടർ പരിശീലകനായതിനു ശേഷം ടീം വിജയങ്ങൾ നേടിയിരുന്നെങ്കിലും താരങ്ങളുടെ പരിക്കടക്കമുള്ള പ്രശ്‌നങ്ങൾ ഇപ്പോൾ അവരെ ബാധിച്ചിട്ടുണ്ട്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങളെ എത്തിച്ച ടീം ഇനിയും മോശം പ്രകടനം തുടർന്നാൽ പോട്ടർ പുറത്തു പോയേക്കും. അങ്ങിനെയങ്കിൽ മൗറീന്യോക്ക് അവസരമുണ്ടാകുമെന്നതിൽ സംശയമില്ല.

Rate this post