അർജന്റീനയുടെ തോൽവി, പരിശീലകസ്ഥാനം രാജിവെക്കുകയാണെന്നു പ്രഖ്യാപിച്ച് മഷെറാനോ

സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ നടന്ന മത്സരത്തിൽ കൊളംബിയയോട് തോറ്റു പുറത്തായതിനു പിന്നാലെ ടീമിന്റെ പരിശീലകസ്ഥാനം ഒഴിയുകയാണെന്നു പ്രഖ്യാപിച്ച് ഇതിഹാസതാരം ഹാവിയർ മഷെറാനോ. ഇന്നലെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെട്ടത്. ഇതോടെ അണ്ടർ 20 ലോകകപ്പിന് യോഗ്യത നേടാനും ടീമിന് കഴിയില്ലെന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ഞാൻ തുടരുമെന്ന് കരുതുന്നില്ല. അർജന്റീനയിലേക്ക് തിരിച്ചു പോയി ശാന്തനായി നിൽക്കുകയെന്നാണ് ഇനി ചെയ്യാനുള്ളത്. ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം ലഭിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. പക്ഷെ ഞാൻ തോറ്റു പോയി.” 2021ൽ അർജന്റീന അണ്ടർ 20 ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്ത മഷെറാനോ ഇന്നലെ നടന്ന മത്സരത്തിനു ശേഷം പറഞ്ഞു. ടീമിൽ തുടരുന്നില്ലെന്ന തീരുമാനം അർജന്റീന ഫുട്ബോൾ പ്രസിഡന്റിനോട് സംസാരിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

“ടീമിനെ സഹായിക്കാൻ കഴിഞ്ഞില്ലെന്നതിൽ ഞാനവരോട് ക്ഷമാപണം നടത്തുന്നു. ഇതൊരു മികച്ച തലമുറയാണ്. അവരെ മുന്നോട്ടു കൊണ്ടുപോകാൻ പരാജയപ്പെട്ട ഒരാൾക്ക് അവരിൽ ആത്മവിശ്വാസം സൃഷ്‌ടിക്കാൻ കഴിഞ്ഞെന്നു വരില്ല. ഞങ്ങൾക്ക് എത്താൻ കഴിയുമായിരുന്ന തലത്തിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. ടീമിനെ മികച്ച പ്രകടനത്തിലേക്ക് നായിക്കാൻ കഴിയാത്തതിന് ഞാനും ഉത്തരവാദിയാണ്.”

പരിശീലകസ്ഥാനം ഒഴിയാനുള്ള തീരുമാനത്തിൽ മാറ്റം വരുത്തുമോയെന്ന ചോദ്യത്തിനും മഷറാനോ പ്രതികരിച്ചു. “കൂടുതലൊന്നും ചിന്തിക്കാനില്ല. എല്ലാവരോടും നന്ദി പറയുന്നു. അവസരം നൽകിയതിന് പ്രസിഡന്റിനോട് കടപ്പാട് അറിയിക്കുന്നു. താരങ്ങളെ വിട്ടുനൽകുമോയെന്നു ഞങ്ങൾ ആശങ്കപ്പെട്ടിരുന്ന പല ക്ലബുകളും സഹായിച്ചു. അവർക്കും നന്ദി പറയുന്നു.” താരം വ്യക്തമാക്കി.

ഗ്രൂപ്പ് എയിൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും തോൽവി വഴങ്ങിയാണ് അർജന്റീന ടൂർണമെന്റിൽ നിന്നും പുറത്തായത്. ബ്രസീൽ നാളിൽ മൂന്നു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ജേതാക്കളായി സെമി ഫൈനലിലേക്ക് മുന്നേറിയപ്പോൾ അർജന്റീനയെ കീഴടക്കിയ കൊളംബിയയും ഗ്രൂപ്പിൽ നിന്നും മുന്നേറി. യുറുഗ്വായ്, ഇക്വഡോർ തുടങ്ങിയ ടീമുകളാണ് സെമി ഫൈനലിലേക്ക് മുന്നേറിയ മറ്റു രണ്ടു ടീമുകൾ.

Rate this post