അർജന്റീന താരത്തിനായി മൂന്നു പ്രീമിയർ ലീഗ് ക്ലബുകൾ ഇപ്പോൾ തന്നെ രംഗത്ത്, വിലയിട്ട് ക്ലബ്

ഖത്തർ ലോകകപ്പിൽ പകരക്കാരനായി ഇറങ്ങി പിന്നീട് ടീമിലെ ഏറ്റവും പ്രധാനിയായി മാറിയ താരമാണ് അലക്‌സിസ് മാക് അലിസ്റ്റർ. പോളണ്ടിനെതിരെ ഒരു ഗോൾ നേടിയ താരം ഫൈനലിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. ജിയോവാനി ലൊ സെൽസോയുടെ അഭാവം ടീമിന്റെ മധ്യനിരയിൽ അറിയാതിരിക്കാൻ താരം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

ഖത്തർ ലോകകപ്പിന് ശേഷമുള്ള ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി ക്ളബുകളാണ് താരത്തിനായി രംഗത്തു വന്നത്. എന്നാൽ ആ ഓഫറുകളൊന്നും പരിഗണിക്കാതെ തന്റെ ക്ലബായ ബ്രൈറ്റണിൽ തന്നെ തുടരുകയായിരുന്നു അലിസ്റ്റർ. എന്നാൽ ഈ സീസണിനപ്പുറം താരം ബ്രൈറ്റണിൽ തുടരില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അർജന്റീനിയൻ മാധ്യമമായ ടൈക് സ്‌പോർട്ടിന്റെ ജേർണലിസ്റ്റ് വെളിപ്പെടുത്തുന്നത് പ്രകാരം മൂന്നു പ്രീമിയർ ലീഗ് ക്ലബുകൾ താരത്തിനായി ഇപ്പോൾ തന്നെ ശ്രമം നടത്തുന്നുണ്ട്. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലിനു പുറമെ മുൻനിര ക്ലബുകളായ ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരാണ് അർജൻറീന താരത്തിനായി ശ്രമം നടത്തുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ഈ മൂന്നു ക്ലബുകളുടെ താൽപര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ രണ്ടു ക്ലബുകൾ താരത്തെ സ്വന്തമാക്കാനുള്ള നീക്കവുമായി മുന്നോട്ടു വന്നിട്ടുമുണ്ട്. അടുത്ത സമ്മറിൽ അലിസ്റ്റർ ക്ലബ് വിടുമെന്ന് ഇതുകൊണ്ടാണ് ഉറപ്പിക്കാൻ കഴിയുന്നത്. അറുപത്തിയൊന്നു മില്യൺ പൗണ്ടാണ് താരത്തിനായി ഓഫർ ചെയ്‌തിട്ടുള്ളത്‌.

ബ്രൈറ്റണിൽ മികച്ച പ്രകടനം നടത്തുന്ന അലിസ്റ്റർ വമ്പൻ ടൂർണമെന്റുകളിലും തനിക്ക് തിളങ്ങാൻ കഴിയുമെന്ന് ലോകകപ്പിലൂടെ തെളിയിച്ചു. അതുകൊണ്ടു തന്നെ കൂടുതൽ ക്ലബുകൾ താരത്തിനായി രംഗത്തു വരാനുള്ള സാധ്യതയുണ്ട്. പ്രീമിയർ ലീഗിൽ തന്നെ തുടരാനാണ് ഇരുപത്തിനാലു വയസുള്ള താരം താൽപര്യപ്പെടുന്നത്.

4/5 - (2 votes)