ഇംഗ്ലണ്ടിനെതിരായ നേഷൻസ് ലീഗ് മത്സരത്തിൽ 73-ാം മിനുട്ടിൽ പരിക്കുമൂലം കെവിൻ ഡിബ്രൂയ്നെയെ ബെൽജിയം പിൻവലിച്ചിരുന്നു. പരിക്ക് അത്ര സാരമുള്ളതല്ലെങ്കിലും ഇന്നു നടക്കാനിരിക്കുന്ന ആഴ്സണലിനെതിരായ മത്സരത്തിൽ താരമുണ്ടാവില്ലെന്നു പെപ് ഗാർഡിയോള സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ വിജയത്തിലേക്ക് തിരിച്ചുവരാനുള്ള സിറ്റിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായിരിക്കുകയാണ്.
” ദൗർഭാഗ്യകരമെന്നു പറയട്ടെ ഡി ബ്രൂയ്നെ മത്സരത്തിൽ നിന്നും പുറത്തായിരിക്കും. പക്ഷെ ബാക്കി താരങ്ങൾ തിരിച്ചു വന്നിട്ടുണ്ട്. പരിക്കു ഗൗരവകരമാണെന്ന് തോന്നുന്നില്ല. എങ്കിലും അടുത്ത മത്സരത്തിൽ കളിക്കില്ല. നമുക്ക് നോക്കാം.” ഗാർഡിയോള പത്രസമ്മേളത്തിൽ വ്യക്തമാക്കി.
എന്നാൽ അഗ്വേറോയെ ആഴ്സണലിനെതിരെ കളിപ്പിക്കുമോയെന്നു ഗാർഡിയോള വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. ബാഴ്സലോണയിൽ വെച്ചു നടന്ന സർജറിക്ക് ശേഷം ആരോഗ്യവനായി തിരിച്ചുവന്ന അഗ്വേറൊക്ക് അടുത്തിടെ ട്രെയിനിങ് മികച്ച രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചിരുന്നു. വോൾവ്സിനെതിരെ നടന്ന മത്സരത്തിൽ പരിക്കു പറ്റി ഗബ്രിയേൽ ജീസസും പുറത്തായതോടെ മികച്ച ഒരു സ്ട്രൈക്കറില്ലാതെ കളിക്കുന്ന സിറ്റിക്ക് അഗ്വേറോയുടെ തിരിച്ചുവരവ് ആശ്വാസമാകുന്നുണ്ട്.
“അവൻ മികച്ച രീതിയിൽ പരിശീലനം നടത്തിയിരുന്നു. അതിൽ ഞങ്ങൾ സതോഷവാന്മാരാണ്. ഞങ്ങൾക്ക് ഒരു സ്ട്രൈക്കറെ ആവശ്യമയുണ്ട്. അവരില്ലാതെയാണ് ഞങ്ങൾ ഇതുവരെ കളിച്ചത്. പക്ഷെ അവനിപ്പോൾ മൂന്നു നാലുദിവസമായി പരിശീലനത്തിലാണുള്ളത്. ഒരുപാട് കാലത്തിനു ശേഷം തിരിച്ചു വന്നതിൽ വളരെയധികം സന്തോഷമുണ്ട്. ” ഗാർഡിയോള കൂട്ടിച്ചേർത്തു.