ലോകകപ്പ് നേടാൻ നിർണായകമാവുക ഈ പൊസിഷനിലെ താരങ്ങൾ, സാധ്യതയുള്ള ടീമിനെ വെളിപ്പെടുത്തി ആഴ്സൻ വെങ്ങർ |Qatar 2022
ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾ നടന്നു കൊണ്ടിരിക്കെ ലോകകപ്പ് നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമിനെ വെളിപ്പെടുത്തി മുൻ ആഴ്സനൽ പരിശീലകൻ ആഴ്സൻ വെങ്ങർ. നിലവിൽ ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റിന്റെ ചീഫായ ആഴ്സൻ വെങ്ങർ ലോകകിരീടം നേടാൻ ഒരു ടീമിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്താണെന്നും കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി.
“മികച്ച വിങ്ങർമാരുള്ള ടീമുകൾ ലോകകപ്പ് നേടാനുള്ള സാധ്യത കൂടുതലാണ്. വിങ്ങർമാർ പ്രധാനപ്പെട്ട ഘടകമാണ്, അവർക്ക് ഫുട്ബോൾ മൈതാനത്തിന്റെ പ്രധാനപ്പെട്ട ഏരിയകളുടെ ആനുകൂല്യം മുതലെടുക്കാൻ കഴിയും. ഫ്രാൻസ് അതിലൊരു ടീമാണ്. അവസാനം വരെ അവർ വളരെ അപകടകാരികളായിരിക്കും.” വെങ്ങർ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പോളണ്ടിനെ ആധികാരികമായി തന്നെയാണ് ഫ്രാൻസ് കീഴടക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഫ്രാൻസ് വിജയം നേടിയപ്പോൾ രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ കിലിയൻ എംബാപ്പെ താരമായി. ഒലിവർ ജിറുദാണ് മറ്റൊരു ഗോൾ നേടിയത്. ഇതോടെ ഫ്രാൻസിനായി ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന റെക്കോർഡ് ജിറുദ് സ്വന്തമാക്കിയിരുന്നു.
He thinks that one position in particular will be crucial.https://t.co/h39rGKLUyA
— Football España (@footballespana_) December 4, 2022
മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ ലോകകപ്പിലെ ടോപ് സ്കോറർ പട്ടികയിൽ എംബാപ്പെ എതിരാളികളില്ലാതെ മുന്നിൽ നിൽക്കുകയാണ്. അഞ്ചു ഗോളുകളാണ് എംബാപ്പെ ഇതുവരെ ലോകകപ്പിൽ നേടിയിരിക്കുന്നത്. കഴിഞ്ഞ ലോകകിരീടം ഫ്രാൻസിന് നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ച എംബാപ്പെ ഇതേ ഫോം തുടർന്നാൽ ഫ്രാൻസ് കിരീടം നിലനിർത്താൻ സാധ്യതയുണ്ട്.