ഡ്രൈവിംഗ് വിലക്ക് ലഭിച്ച് ആർതർ, ഇറ്റലിയിലും ബാധകം.

കഴിഞ്ഞ ആഴ്ച്ചയായിരുന്നു ബ്രസീലിയൻ സൂപ്പർ താരം ആർതറിന്റെ കാർ അപകടത്തിൽ പെട്ട് വാർത്തകളിൽ ഇടംനേടിയിരുന്നത്. താരം ഓടിച്ച കാർ തെരുവുവിളക്കിന്റെ കാലിൽ പോയി ഇടിക്കുകയായിരുന്നു. തുടർന്ന് പ്രാദേശിക പോലീസ് താരത്തെ കസ്റ്റഡിയിൽ എടുക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. അമിതമായ മദ്യപാനമായിരുന്നു അപകടത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.

താരത്തിന്റെ ഫെരാരി കാറായിരുന്നു അപകടത്തിൽ പെട്ടത്. എന്നാൽ താരം തന്നെയാണ് കുറ്റക്കാരൻ എന്ന് കണ്ടെത്തിയ കോടതിയിപ്പോൾ ശിക്ഷ വിധിച്ചിരിക്കുകയാണ്. 1200 യുറോയാണ് താരത്തിന് പിഴയായി ചുമത്തിയിരിക്കുന്നത്. കൂടാതെ എട്ട് മാസത്തെ ഡ്രൈവിങ് വിലക്കും താരത്തിന് ചുമത്തിയിട്ടുണ്ട്. അതായത് യുവന്റസിൽ പ്രീസീസൺ ട്രൈനിങ്ങിന് താരം എത്തണമെങ്കിലും പുതിയ ഡ്രൈവറുടെ സഹായം വേണമെന്നർത്ഥം.ബാഴ്സലോണയിൽ വെച്ചായിരുന്നു അപകടം. വിലക്ക് ഇറ്റാലിയിലും ബാധകമാണ്.

തിങ്കളാഴ്ചയാണ് യുവന്റസിന്റെ പ്രീസീസൺ പരിശീലനം ആരംഭിക്കുന്നത്. പുതിയ പരിശീലകൻ ആന്ദ്രേ പിർലോക്കൊപ്പമാണ് ആർതർ ചേരുക. ഈ ട്രാൻസ്ഫറിൽ ആയിരുന്നു ആർതർ ബാഴ്സ വിട്ട് യുവന്റസിൽ എത്തിയത്. പകരം പ്യാനിക്ക് ബാഴ്സയിൽ എത്തുകയും ചെയ്തു. ഡീൽ നടന്നതോടെ ബാഴ്സക്ക് വേണ്ടി കളിക്കാൻ ആർതർ വിസമ്മതിച്ചിരുന്നു. തുടർന്ന് ബാഴ്‌സ നിയമപരമായി നീങ്ങുമെന്നും സെപ്റ്റംബർ ഒന്ന് വരെ യുവന്റസിനൊപ്പം ചേരാൻ അനുവദിക്കുകയുമില്ലെന്ന തരത്തിലുള്ള വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് പിന്നീട് ഒത്തുതീർപ്പിലെത്തി എന്നാണ് അറിയാൻ കഴിയുന്നത്. ഇതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ ആർതർ യുവന്റസിനൊപ്പം ചേരും.

Rate this post