ക്ലബ് വിടാൻ ആരും പറഞ്ഞിട്ടില്ല, പകരക്കാരനായിട്ടാണെങ്കിലും ഇവിടെ തുടരും, സുവാരസ് പറയുന്നു.

സൂപ്പർ താരം ലൂയിസ് സുവാരസിന്റെ ക്ലബിലെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. കൂമാന് കീഴിൽ താരത്തിന് അവസരം ഉണ്ടായേക്കില്ലെന്നും സുവാരസ് ക്ലബ് വിടേണ്ടി വരുമെന്നും വാർത്തകൾ പുറത്ത് വന്നു. കൂടാതെ താരത്തിന് വേണ്ടി മുൻ ക്ലബ് അയാക്സ് ബാഴ്സയെ സമീപിച്ചതായും വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകളോട് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് സുവാരസ്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് സുവാരസ് മനസ്സ് തുറന്നു സംസാരിച്ചത്. ആരും തന്നോട് ക്ലബ് വിടാൻ ആജ്ഞാപിച്ചിട്ടില്ലെന്നും പകരക്കാരനാണെങ്കിലും ക്ലബിൽ തന്നെ തുടരുമെന്ന് സുവാരസ് അറിയിച്ചു.

” പല വിധത്തിലുള്ള വാർത്തകളും അങ്ങിങ്ങായി കേൾക്കുന്നുണ്ട്. പക്ഷെ എന്നോട് ഇതുവരെ ആരും ക്ലബ് വിടാൻ പറഞ്ഞിട്ടില്ല. ഞാൻ ടീം വിടണം എന്നതാണ് ക്ലബിന് വേണ്ടതെങ്കിൽ ഡയറക്ടർ എന്നോട് നേരിട്ട് പറയണം. മാധ്യമങ്ങളിലൂടെ ഞാൻ അറിയുന്നതിലും ഭേദം അതാണ്‌. ക്ലബിന് വേണ്ടി ഏറ്റവും നല്ലത് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. പക്ഷെ ക്ലബ് വിടാൻ അവർ ആജ്ഞാപിച്ചാൽ ഞാൻ അത്‌ പരിഗണിക്കും. ആ തീരുമാനം എടുക്കുന്നവരുമായി എനിക്ക് യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാവില്ല. പുതിയ പരിശീലകൻ കൂമാനുമായി ഇതുവരെ സംസാരിച്ചിട്ടില്ല ” സുവാരസ് തുടർന്നു.

” ക്ലബ്ബിന് എന്നെ വേണം എന്നുണ്ടെങ്കിൽ തീർച്ചയായും ഞാൻ ഇവിടെ തന്നെ തുടരും. എന്നെ കൊണ്ട് കഴിയുന്ന ഏറ്റവും നല്ല പ്രകടനം തന്നെ പുറത്തെടുക്കുകയും ചെയ്യും. ഞാൻ വന്ന അന്ന് മുതൽ ഇവിടെയുള്ളവർ തന്ന പിന്തുണ എനിക്കെപ്പോഴും കരുത്തേകിയ കാര്യമാണ്. എന്നെ പകരക്കാരനായി പരിഗണിക്കുകയാണെങ്കിലും ഞാൻ അത്‌ സ്വീകരിക്കും. ഞാൻ എന്റെ കരിയറിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു കഴിഞ്ഞിട്ടുണ്ട്. സ്ഥാനത്തിന് വേണ്ടി താരങ്ങൾക്കിടയിലുള്ള മത്സരം നല്ലത് തന്നെയാണ്. ഞാൻ ബെഞ്ചിൽ ഇരിക്കുന്നതാണ് നല്ലത് എന്ന് പരിശീലകന് തോന്നിയാൽ അത്‌ അംഗീകരിക്കുന്നതിൽ എനിക്കൊരു കുഴപ്പവുമില്ല. എനിക്കെന്താണോ നൽകാൻ കഴിയുന്നത് അത്‌ ഞാൻ നൽകും. ക്ലബിന് വേണ്ടി ഇനിയും ഒരുപാട് നൽകാൻ എനിക്ക് കഴിയും ” സുവാരസ് പറഞ്ഞു.

Rate this post