ബാഴ്‌സമത്സരം കാണാൻ ആർതറെത്തി, വീട്ടിലേക്ക് പറഞ്ഞു വിട്ട് ക്ലബ്‌ !

ബ്രസീലിയൻ സുപ്പർ താരം ആർതറിനെ ഈ സമ്മർ ട്രാൻസ്ഫറിൽ യുവന്റസിന് കൈമാറാൻ ബാഴ്സയും യുവന്റസും തമ്മിൽ ഔദ്യോഗികകരാറിൽ എത്തിയതാണ്. എന്നാൽ പിന്നീട് ക്ലബും താരവും തമ്മിൽ ഉടക്കുകയായിരുന്നു. താരത്തോട് ശേഷിക്കുന്ന സീസൺ ക്ലബിനൊപ്പം തുടരാൻ ബാഴ്സ ആവിശ്യപ്പെട്ടെങ്കിലും താരം അതിന് വിസ്സമ്മതിക്കുകയായിരുന്നു. തുടർന്ന് ആർതർ ജന്മനാടായ ബ്രസീലിൽ തന്നെ ചിലവഴിക്കുകയായിരുന്നു. ഇതോടെ ആർതറിനെതിരെ അച്ചടക്കനടപടികൾ സ്വീകരിക്കുമെന്ന് ബാഴ്സ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വെള്ളിയാഴ്ച്ച ആർതർ ബ്രസീലിൽ നിന്ന് ബാഴ്സലോണ നഗരത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. തുടർന്ന് ഇന്നലത്തെ ചാമ്പ്യൻസ് ലീഗ് മത്സരം കാണാൻ വേണ്ടി ക്യാമ്പ് നൗവിൽ എത്തുകയും ചെയ്തു.

എന്നാൽ ആർതറിനെ ക്യാമ്പ് നൗവിലേക്ക് പ്രവേശിപ്പിക്കാൻ ക്ലബ്‌ അധികൃതർ തയ്യാറായില്ല. താരത്തോട് വീട്ടിൽ പോവാനാണ് ബാഴ്സ ആജ്ഞാപിച്ചതെന്ന് പ്രമുഖമാധ്യമമായ കാറ്റലോണിയ റേഡിയോ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഇതിനു വ്യക്തമായ കാരണവും ബാഴ്സ വിശദീകരിച്ചു നൽകിയിട്ടുണ്ട്. താരം ഒരു വിദേശരാജ്യത്തിൽ നിന്ന് വന്നതിനാലും കോവിഡ് പരിശോധനപൂർത്തിയാക്കാത്തതിനാലുമാണ് താരത്തെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാതിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആകെ 380 പേർക്കേ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുമതി ഉണ്ടായിരുന്നൊള്ളൂ. ഈ ലിസ്റ്റിൽ ആർതർക്ക് ഇടമില്ലായിരുന്നു. ഇതിനാലാണ് താരത്തെ ബാഴ്സ മടക്കി അയച്ചത്. കോവിഡ് പ്രശ്നം മൂലം സുരക്ഷാമാനദണ്ഡങ്ങൾ തങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും ബാഴ്സ വ്യക്തമാക്കി.

ഇതിനെ തുടർന്ന് മത്സരം കാണാനാവാതെ ആർതർ മടങ്ങുകയായിരുന്നു. ഇതേക്കുറിച്ച് ബാഴ്സയുടെ ഇന്സ്ടിട്യൂഷണൽ റിലേഷൻസ് ഡയറക്ടർ ആയ ഗില്ലർമോ അമോർ പറയുന്നത് ഇങ്ങനെയാണ്. “ആർതർ ഇവിടെ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചത് അല്ല. അദ്ദേഹം ക്ലബിനോടൊപ്പമോ യുവേഫയോടൊപ്പമോ PCR പരിശോധന പൂർത്തിയാക്കിയിട്ടില്ല. സ്റ്റേഡിയത്തിന് അകത്തേക്ക് അനുവദിക്കപ്പെട്ട ആളുകളുടെ ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേര് ഇല്ലായിരുന്നു. അത്കൊണ്ട് ആണ് അദ്ദേഹത്തെ പ്രവേശിപ്പിക്കാതിരുന്നത്. എന്താണ് സംഭവിക്കാൻ പോവുന്നത് എന്ന് നമുക്ക് കാത്തിരുന്നു കാണാം ” അദ്ദേഹം മൂവിസ്റ്റാറിനോട് പറഞ്ഞു.

Rate this post