ഒത്തൊരുമയില്ലാത്ത സംഘമായി മാറിയ കേരള ബ്ലാസ്റ്റേഴ്‌സ് ,തുടർച്ചയായ തോൽവികൾ ബ്ലാസ്‌റ്റേഴ്‌സിനെ പുറകോട്ടടിക്കുമ്പോൾ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നലെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ നേരിടുമ്പോൾ ത്രസിപ്പിക്കുന്ന ഇഞ്ചോടിഞ്ച് പോരാട്ടമായ മത്സരമായിരിക്കും ഏവരും പ്രതീക്ഷിച്ചത്. സ്കോർലൈൻ നോക്കുമ്പോൾ മികച്ച പോരാട്ടം എന്ന് തോന്നുമെങ്കിലും സത്യത്തിൽ ഗെയിം ആവേശകരമായ ഒന്നായിരുന്നില്ല.

ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടിയെങ്കിലും കളിയിൽ മികച്ച പ്രകടനം പുറത്തെടുത്തില്ല.രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചെത്തിയ ഒഡീഷ എഫ്‌സിമികച്ച വിജയം ഉറപ്പിച്ചു.കളിയുടെ ഒരു മേഖലയിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ഡിഫൻഡർമാർ, മിഡ്ഫീൽഡർമാർ, ഫോർവേഡർമാർ, എല്ലാവരും മോശം പ്രകടനമാണ് കാഴ്ചവെച്ചത്.എടികെ മോഹൻ ബഗാനോട് ഏറ്റ കനത്ത തോൽവിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ കരകയറിയിട്ടില്ല എന്ന് ഇന്നലത്തെ മത്സരത്തിൽ നിന്നും വ്യക്തമായി.

ഇന്നലത്തെ മത്സരത്തിൽ ഏതാനും നിമിഷങ്ങൾ ഒഴികെ ശ്രദ്ധേയമായ ഫുട്ബോൾ കളിക്കുന്നതിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു.ഒഡീഷയെ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്സിന് പൊസഷൻ കുറവും ഷോട്ടുകൾ കുറവുമായിരുന്നു. ഒഡിഷക്ക് കേരള ബ്ലാസ്റ്റേഴ്‌സ് കളിയിൽ ഒരിക്കലും ഭീഷണിയായി തോന്നിയില്ല.ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ കളിച്ച ആദ്യ മത്സരത്തിൽ എണ്ണയിട്ട യന്ത്രമായി കാണപ്പെട്ടു. എടികെ മോഹൻ ബഗാനെതിരായ രണ്ടാം മത്സരത്തിൽ മികച്ച രീതിയിലാണ് കളി ആരംഭിച്ചതെങ്കിലും അത് കളിയിൽ ഉടനീളം തുടരാൻ സാധിച്ചില്ല.

കഴിഞ്ഞ മത്സരത്തിലും ലീഡ് നേടിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഗോൾ നേടിയ ശേഷം കളിയിൽ കളിക്കാർ വരുത്തുന്ന ചെറിയ അലംഭാവമാണ് തോൽവിയിലേക്ക് നയിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ കോമ്പിനേഷനും ലിങ്ക്-അപ്പ് പ്ലേയും രണ്ടു മത്സരത്തിലും കാണാൻ സാധിച്ചില്ല. മാത്രമല്ല കൂടുതൽ ഗോൾ അവസരങ്ങൾ സൃഷ്ഠിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നില്ല.ആദ്യ കളിയിൽ കണ്ടതുപോലെ മധ്യനിരയും പ്രതിരോധവും തമ്മിലുള്ള കെട്ടുറപ്പ് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കാണാൻ സാധിച്ചില്ല.

ഈ സീസണിൽ തന്റെ ടീം പ്ലേ ഓഫിലെത്തണമെങ്കിൽ ഇവാൻ വുകോമാനോവിച്ചിന് ഒരുപാട് ജോലികൾ ചെയ്യാനുണ്ട് എന്ന് കാണിക്കുന്നതായിരുന്നു കഴിഞ്ഞ മത്സരങ്ങൾ.ആദ്യ ഗോൾ നേടിയതിനു ശേഷം ഹൈ പ്രസിങ് ഗെയിം കാഴ്ചവച്ച ഒഡിഷ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് നിലയുറപ്പിക്കാൻ സമയം കൊടുത്തില്ല.അതിന്റെ ഫലം തന്നെയാണ് രണ്ടാം പകുതിയില്‍ പിറന്ന രണ്ടു ഗോളുകള്‍.വിജയത്തോടെ ഒഡീഷ എഫ്‌സി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. കേരള ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്.

Rate this post
Kerala Blasters