സ്പാനിഷ് പരിശീലകനായ ഉനെ എമറി പരിശീലകനായതിനു ശേഷം ആസ്റ്റൺ വില്ല മികച്ച പ്രകടനമാണ് നടത്തുന്നത്. അവസാനത്തെ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിയെങ്കിലും അതിനു മുൻപുള്ള പത്ത് മത്സരങ്ങളിൽ എട്ടു ജയവും രണ്ടു സമനിലയുമാണ് ടീം സ്വന്തമാക്കിയത്. ഇനിയുള്ള മത്സരങ്ങളിൽ വിജയിക്കുകയും മറ്റു ടീമുകളുടെ ഫലങ്ങൾ അനുകൂലമായി വരികയും ചെയ്താൽ യൂറോപ്യൻ യോഗ്യതയും ടീമിന് സ്വന്തമാക്കാൻ കഴിയും.
ഈ സീസണിനിടയിൽ ആസ്റ്റൺ വില്ലയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത അദ്ദേഹം അടുത്ത സീസണിൽ ടീമിനെ കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുകയാണ്. ഇതിനായി പല താരങ്ങളെയും അവർ നോട്ടമിടുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡിന്റെ സ്പാനിഷ് താരമായ മാർകോ അസെൻസിയോയെ സ്വന്തമാക്കാനാണ് ആസ്റ്റൺ വില്ല ശ്രമിക്കുന്നത്.
ഈ സീസണോടെ റയൽ മാഡ്രിഡുമായുള്ള അസെൻസിയോയുടെ കരാർ അവസാനിക്കാൻ പോവുകയാണ്. ഇതുവരെയും അത് പുതുക്കുന്നതിന് യാതൊരു തീരുമാനവും ആയിട്ടില്ല. റയൽ മാഡ്രിഡിലെ തന്റെ ഭാവിയെക്കുറിച്ച് യാതൊന്നും അറിയില്ലെന്നും അതുകൊണ്ടു തന്നെ അഭ്യൂഹങ്ങൾ ഉണ്ടാവുക സ്വാഭാവികമായ കാര്യമാണെന്നുമാണ് അസെൻസിയോ ഇക്കാര്യത്തിൽ പ്രതികരിച്ചത്.
ഈ സീസണിന്റെ രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് അസെൻസിയോ നടത്തുന്നത്. അധികവും പകരക്കാരനായാണ് അവസരം ലഭിക്കുന്നതെങ്കിലും ഗോളുകളും അസിസ്റ്റുകളും സ്വന്തമാക്കാൻ താരത്തിന് കഴിയുന്നു. അതുകൊണ്ടു തന്നെ കരാർ പുതുക്കുന്ന കാര്യം റയൽ മാഡ്രിഡ് പരിഗണിച്ചേക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും താരം പ്രതിഫലം കുറക്കേണ്ടത് അനിവാര്യമായ ഒന്നായിരിക്കും.
🚨 Aston Villa are showing an interest in signing Marco Asensio on a free transfer and could make a salary proposal of €8m-a-year, which doubles his current Real Madrid wage.
— Transfer News Live (@DeadlineDayLive) May 10, 2023
Unai Emery is pushing for the move.
(Source: @MARCA) pic.twitter.com/QUbASC79gG
അതേസമയം റയൽ മാഡ്രിഡ് നൽകുന്നതിന്റെ ഇരട്ടി പ്രതിഫലമാണ് ആസ്റ്റൺ വില്ല ഓഫർ ചെയ്യുന്നത്. താരത്തെ ടീമിലെത്തിക്കാൻ ഉനെ എമറിക്ക് അത്രയധികം താൽപര്യമുണ്ട്. പരിചയസമ്പന്നനായ അസെൻസിയോയിലൂടെ ടീമിനെ അടുത്ത സീസണിൽ കൂടുതൽ ഉയരത്തിലേക്ക് എത്തിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.