ഞാൻ എമിലിയാനൊ മാർട്ടിനസിനോട് ഗോളടിക്കാൻ ആവശ്യപ്പെട്ടിട്ടില്ല; വിമർശനവുമായി പരിശീലകൻ

ഖത്തർ ലോകകപ്പ് വിജയത്തിന് ശേഷം നടത്തിയ ആഘോഷങ്ങളിൽ ചില സമയത്ത് അതിരു വിട്ടു പെരുമാറിയതിനാൽ എമിലിയാനോ മാർട്ടിനസിനെതിരെ നിരവധി ഫുട്ബോൾ ആരാധകർ തിരിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ആഴ്‌സണലുമായി നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ വഴങ്ങാൻ താരം കാരണമായതോടെ സോഷ്യൽ മീഡിയയിൽ എമിലിയാനോക്കെതിരെ കളിയാക്കലുകൾ ഉയർന്നു വരുന്നുണ്ട്.

ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ നിൽക്കുമ്പോൾ ഇഞ്ചുറി ടൈമിലാണ് എമിലിയാനോ സെൽഫ് ഗോൾ വഴങ്ങിയത്. സെൽഫ് ഗോൾ വഴങ്ങിയത് താരത്തിന് സംഭവിച്ച ദൗർഭാഗ്യമായി മാത്രം കണക്കാക്കാമെങ്കിൽ അതിനു തൊട്ടടുത്ത മിനുട്ടിൽ ആസ്റ്റൺ വില്ല വഴങ്ങിയ ഗോളിന് എമിലിയാനോ മാർട്ടിനസ് കൂടി ഉത്തരവാദിയാണെന്നതിൽ സംശയമില്ല.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ആസ്റ്റൺ വില്ലക്ക് അനുകൂലമായി ലഭിച്ച സെറ്റ് പീസിൽ നിന്നും ഗോളടിക്കാൻ എമിലിയാനോ മാർട്ടിനസ് ആഴ്‌സണൽ ഗോൾമുഖത്തേക്ക് പോയിരുന്നു. എന്നാൽ പന്ത് ലഭിച്ച ആഴ്‌സണൽ പ്രത്യാക്രമണത്തിലൂടെ അത് അനായാസം ഗോളാക്കി മാറ്റി. ഗോൾപോസ്റ്റിലേക്ക് ഓടിയെത്താൻ എമിലിയാനോ ശ്രമിച്ചെങ്കിലും ഗോൾ കണ്ടു നിൽക്കാനേ താരത്തിന് കഴിഞ്ഞുള്ളു.

ഗോൾപോസ്റ്റ് ഒഴിച്ചിട്ട് ഗോളടിക്കാൻ പോയ എമിലിയാനോയെ ആസ്റ്റൺ വില്ല പരിശീലകൻ ഉനെ എമറി വിമർശിക്കുകയും ചെയ്‌തു. എമിലിയാനോയോട് തൊണ്ണൂറ്റിരണ്ടാം മിനുട്ടിൽ ഗോളടിക്കാൻ താൻ പറഞ്ഞിട്ടില്ലെന്നാണ് എമറി പറഞ്ഞത്. ഗോൾകീപ്പർ ഗോൾ നേടാൻ നൂറിലൊരു തവണ മാത്രം സാധ്യതയുള്ളപ്പോൾ അതിൽ നിന്നുമുള്ള പ്രത്യാക്രമണത്തിൽ ഗോൾ വഴങ്ങാൻ സാധ്യത കൂടുതലാണെന്ന് എമറി പറയുന്നു. 2-3നു തോൽക്കുന്നതിനേക്കാൾ മോശമാണ് 2-4നു തോൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിൽ നാല് ഗോളുകൾ വഴങ്ങിയതോടെ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ നിന്നും പതിനൊന്നു ഗോളുകളാണ് ആസ്റ്റൺ വില്ലക്ക് വേണ്ടി എമിലിയാനോ വഴങ്ങിയത്. ഈ മൂന്നു മത്സരങ്ങളിലും വില്ല തോൽക്കുകയും ചെയ്‌തു. ഈ സീസണ് ശേഷം എമിലിയാനോ മാർട്ടിനസിനെ വിൽക്കാൻ ആസ്റ്റൺ വില്ല ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ ഇടയിലാണ് താരം ഗോളുകൾ വാങ്ങിക്കൂട്ടുന്നത്.

Rate this post