ബാഴ്സയുടെ ഇതിഹാസ നായകനായ ലയണൽ മെസ്സി ക്ലബ്ബ് വിടുകയാണെന്നു പ്രഖ്യാപിച്ചത് മുതൽ താരത്തെ സൈൻ ചെയ്യാൻ ഏറെ സാധ്യതകൾ കല്പിക്കപ്പെട്ട ടീമായിരുന്നു മാഞ്ചസ്റ്റർ സിറ്റി. ഈ സമ്മറിൽ നടക്കാനിരുന്ന ട്രാൻസ്ഫറിൽ ഇപ്പോൾ അപ്രതീക്ഷതമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണ്.
കഴിഞ്ഞ സമ്മറിൽ ലയണൽ മെസ്സി ബാഴ്സ വിടുമെന്ന് പ്രഖ്യാപിച്ചെങ്കിലും എങ്ങോട്ട് പോവുമെന്നോ അല്ലെങ്കിൽ ബാഴ്സയിൽ തന്നെ തുടരുമോ എന്നൊന്നും വ്യക്തമാക്കിയിരുന്നില്ല.
മാഞ്ചസ്റ്റർ സിറ്റിയുടെയും പി.എസ്.ജിയുടെയും പേരുകൾ സജീവമായി ഉയർന്നിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സിറ്റിയുടെ പ്രധാന ലക്ഷ്യം മെസ്സിയല്ല, ബൊറൂസിയ ഡോർട്മുണ്ടിന്റെ ഏർലിംഗ് ഹാലന്റിനെയാണ് സിറ്റി സൈൻ ചെയ്യാൻ ഒരുങ്ങിയിരിക്കുന്നത്.
സിറ്റിയുടെ ഈ പദ്ധതി നടന്നില്ലെങ്കിൽ പിന്നെ ഹാരി കെയ്ൻ, റൊമേലു ലുക്കാക്കു എന്നിവരിലേക്ക് സിറ്റി തിരിഞ്ഞേക്കും. സ്പോർട് റിപ്പോർട്ട് ചെയ്തത് പ്രകാരം സിറ്റി ഇപ്പോൾ ലക്ഷ്യം വെക്കുന്നത് ഒരു മികച്ച സ്ട്രൈക്കറെയാണ്. അതുകൊണ്ട് തന്നെ മെസ്സിയോടുള്ള സിറ്റിയുടെ താത്പര്യം കുറവായിരുന്നു.
മെസ്സിയിനി ബാഴ്സയിൽ തന്നെ തുടരുമോ എന്ന ആശങ്കയും സിറ്റിയെ ഈ നീക്കത്തിൽ നിന്നും പിന്മാറുന്നതിനെ സ്വാധീനിച്ചിരുന്നു. മെസ്സിയുമായി 15 വർഷത്തോളമായി നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്ന ബാഴ്സയുടെ പുതിയ പ്രസിഡന്റ് ജോൻ ലപ്പോർട്ടയ്ക്ക് മെസ്സിയുടെ കാര്യത്തിൽ നല്ല വിശ്വാസമുണ്ട്.
ലോക ഫുട്ബോൾ ആരാധകരെയും പണ്ഡിറ്റുകളെയും ഞെട്ടിച്ചു കൊണ്ട് മെസ്സി ബാഴ്സയിൽ നിന്നും പോവുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം.