സുവാരസിന്റെ ഇരട്ട ഗോളിൽ അത്ലറ്റികോ മാഡ്രിഡ്; തകർപ്പൻ ജയത്തോടെ ഇന്റർ മിലാൻ ; ഗോൾ വർഷത്തോടെ മാഞ്ചസ്റ്റർ സിറ്റി

സ്പാനിഷ് ലീ ലീഗയിൽ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡിന് തകർപ്പൻ ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഗെറ്റാഫെയാണ് അത്ലറ്റികോ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം സൂപ്പർ സ്‌ട്രൈക്കർ ലൂയിസ് സുവാരസ് നേടിയ ഇരട്ട ഗോളുകളുടെ മികവിലായിരുന്നു അത്ലറ്റികോ മാഡ്രിഡിന്റെ ജയം. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിനായിരുന്നു ചാമ്പ്യന്മാർ വിജയമുറപ്പിച്ചത്.ആദ്യ പകുതിക്ക് അവസാനം അത്ലറ്റിക്കോ ഗോൾ കീപ്പർ ഒബ്ലകിന്റെ അപൂർവ്വമായ പിഴവിൽ നിന്നായിരുന്നു ഗെറ്റഫെയുടെ ഗോൾ.

മിട്രോവിചായിരുന്നു ഗോൾ നേടിയത്.കളിയിൽ ഗെറ്റഫെ താരം അലേന ചുവപ്പ് കാർഡ് വാങ്ങിയതാണ് കളി മാറ്റിയത്. 74ആം മിനുട്ടിലായിരുന്നു ചുവപ്പ് കാർഡ്. ഇതിനു പിന്നാലെ 78ആം മിനുട്ടിൽ ലൂയിസ് സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിന് സമനില നൽകി. 90ആം മിനുട്ടിൽ സുവാരസിന്റെ വക തന്നെ ആയിരുന്നു വിജയ ഗോൾ. ഗ്രീസ്മൻ ഇന്നും 67 മിനുട്ടോളം കളിച്ചെങ്കിലും താരത്തിന് ഇന്നും തിളങ്ങാൻ ആയില്ല.6 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. ഒരു മത്സരം കുറവ് കളിച്ച റിയൽ മാഡ്രിഡിന് 13 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

ഇറ്റാലിയൻ സിരി എ യിൽ മികച്ച വിജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മിലൻ. ഇന്നലെ നടന്ന മത്സരത്തിൽ ഫിയൊറെന്റീനയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്റർ പരാജയപ്പെടുത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ഇന്റർ മിലാൻ തിരിച്ചടിച്ച് വിജയിച്ചത്. 23ആം മിനുട്ടിൽ സൊട്ടിലാണ് ഫിയൊറെന്റീനക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ഡാർമിയൻ ഇന്റർ മിലാനെ ഒപ്പം എത്തിച്ചു. ജെക്കോ ,പെരിസിച് എന്നിവരാണ് ഇന്ററിന്റെ മറ്റു ഗോളുകൾ നേടിയത്.5 മത്സരങ്ങളിൽ 13 പോയിന്റുമായി ഇന്റർ മിലാൻ ലീഗിൽ ഒന്നാമതാണ്.

ഇംഗ്ലണ്ടിൽ കറാബാവോ കപ്പിൽ തകർപ്പൻ ജയം നേടി മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ലീഗ് വൺ ക്ലബ് വൈകോംബിനെതിരെ ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയമാണ് സിറ്റി നേടിയത്. റിയാദ് മഹ്‌റീസ് രണ്ടും കെവിൻ ഡി ബ്രൂയിൻ, ഫിൽ ഫോഡൻ, ഫെറാൻ ടോറസ്, കോൾ പാമർ എന്നിവർ ഓരോ ഗോളും നേടി. മറ്റു പ്രധാന മത്സരങ്ങളിൽ ലിവർപൂൾ മൂന്നു ഗോളുകൾക്ക് നോർവിചിനെ പരാജയപ്പെടുത്തി.ടകുമി മിനാമിനോ (4 ‘, 80’) ഡിവോക്ക് ഒറിഗി (50 ‘) എന്നിവരാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്.

Rate this post