അണിയറ നീക്കങ്ങൾ സജീവം, കൂമാന് പകരം അഞ്ച് പരിശീലകരുടെ ലിസ്റ്റ് തയ്യാറാക്കി ബാഴ്സലോണ

കഴിഞ്ഞ രണ്ടു ദശകത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സൂപ്പർ താരം ലയണൽ മെസ്സി അടക്കമുള്ള താരങ്ങളുടെ കൊഴിഞ്ഞു പോക്ക് വലിയ രീതിയിൽ തന്നെ ബാഴ്‌സയെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലാ ലീഗയിൽ ഗ്രനാഡക്കെതിരെ സമനില വഴങ്ങിയതോടെ പരിശീലകൻ റൊണാൾഡ്‌ കൂമാനെതിരെയും വിമർശനങ്ങൾ ഉയർന്നു വന്നിരിക്കുകയാണ്. പുറത്തു വരുന്ന റിപോർട്ടുകൾ അനുസരിച്ച് ഡച്ച് പരിശീലകൻ പുറത്തേക്കുള്ള വഴിയിലാണ്. കഴിഞ്ഞ സീസണിലെ തുടർച്ചയെന്നാണം നിരാശപ്പെടുത്തി സീസൺ ആയിരുന്നു ഈ വർഷത്തെ.ലാ ലി​ഗിയിൽ നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഏഴാം സ്ഥാനത്തുള്ള ബാഴ്സ, ചാമ്പ്യൻസ് ലീ​ഗിൽ ആദ്യ മത്സരത്തിൽ ബയേൺ മ്യൂണിച്ചിനോട് കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു.

ജേണലിസ്റ്റ് ജെറാർഡ് റൊമേറോ നൽകുന്ന റിപ്പോർട്ട് പ്രകാരം ഇതിനകം തന്നെ കോമാന് പകരമായി അഞ്ച് പരിശീലകരുടെ പേരുകൾ ബാഴ്സ പരി​ഗണിക്കുന്നുണ്ട്. ക്ലബിന്റെ വിഖ്യാതതാരവും ഖത്തർ ക്ലബ് അൽ സാദിന്റെ പരിശീലകനുമായ സാവി ഹെർണാണ്ടസിന്റെ പേരാണ് ലിസ്റ്റിലെ പ്രധാനപ്പെട്ടത്. ഇറ്റാലിയൻ പരിശീലകൻ അന്റോണിയോ കോണ്ടെ, ജർമൻ ദേശീയ ടീമിലെ ലോകകപ്പ് കിരീടത്തിലെത്തിച്ച ജോവാക്വിം ലോ എന്നിവരുടെ പേരുകളും പരി​ഗണിക്കുന്നുണ്ട്. ഇറ്റാലിയൻ ഇതിഹാസതാരവും മുൻ യുവന്റസ് പരിശീലകനുമായ ആന്ദ്രെ പിർലോ, ബാഴ്സയ്ക്കായി ദീർഘകാലം കളിച്ചിട്ടുള്ള ഡച്ച് താരവും പരിശീലകനുമായ ഫിലിപ്പ് കോക്കോ എന്നിവരുടെ പേരുകളും ലിസ്റ്റിലുണ്ട്.

മറ്റ് ചില സ്റ്റാർ പരിശീലകരുടെ പേരുകളും ബാഴ്സയുമായി ചേർത്ത് പറയപ്പെടുന്നുണ്ട്. ഇതിൽ പ്രധാനം മാർസെലോ ​ഗയ്യാർഡോയുടേതാണ്. അർജന്റീൻ സൂപ്പർ ക്ലബ് റിവർപ്ലേറ്റിന്റെ പരിശീലകനാണ് ​ഗയ്യാർഡോ. മുമ്പും ബാഴ്സ ഇദ്ദേഹത്തെ പരി​ഗണിച്ചിരുന്നു. ബെൽജിയം ദേശീയ ടീം പരിശീലകൻ റൊബർട്ടോ മാർട്ടിനെസിന്റെ പേരും ചർച്ചകളിൽ ഉയർന്നതായാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ വർഷമാണ് മുൻ ബാഴ്സ താരം കൂടിയായ കൂമാൻ ബാഴ്സയുടെ പരിശീലകനായി എത്തിയത്. കഴിഞ്ഞ സീസണിൽ കൂമാനെ പുറത്താക്കും എന്ന ഊഹാപോഹങ്ങൾ പറന്നെങ്കിലും ഡച്ച് മാനെ ക്ലബ് ഒരു വർഷത്തേക്ക് കൂടി നിലനിർത്തുകയായിരുന്നു. കൂമാന്റെ ശൈലിക്കെതിരെ ബാഴ്സ ആരാധകരിൽ നിന്നും വലിയ വിമർശനങ്ങൾ ഉയർന്നു വരികയും ചെയ്തിരുന്നു. ബാഴ്സയുടെ ചുമതലയേറ്റ ശേഷം ഏവരെയും നിരാശപ്പെടുത്തുന്ന പ്രകടനം തന്നെയായിരുന്നു കൂമാന്റെ.

Rate this post