ലയണൽ മെസ്സിക്ക് യോജിച്ച ക്ലബാണോ പിഎസ്ജി ?

മെസ്സി or പി.എസ്.ജി ലോകഫുട്ബോൾ അടക്കി ഭരിച്ചു കൊണ്ടിരിക്കുന്ന മിശിഹാ യുടെ ആരാധകർ ഇപ്പോൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ ചോദ്യമായി ഇത് മാറിക്കഴിഞ്ഞു. മെസ്സി പിഎസ്ജിയിൽ സന്തുഷ്ട്ടനല്ല എന്ന് ആരാധകർ പറയുമ്പോൾ പോലും അദ്ദേഹത്തിന്റെ പേര് ലയണൽ മെസ്സി എന്നാണെന്ന് അവർ മറന്നു പോവുന്നു. കാരണം എന്നൊക്കെ പിന്നോട്ട് പോയിട്ടുണ്ടോ, അതിലും ശക്തമായി തിരിച്ചു വന്ന ചരിത്രമേ അദ്ദേഹത്തിനുള്ളു. എന്നിരുന്നാലും ജീവിതത്തിന്റെ ഭൂരിഭാഗനിമിഷങ്ങളും ബാഴ്സലോണയോടൊപ്പം കളിച്ചു തീർത്ത അദ്ദേഹത്തിന് പി.എസ്.ജി എന്ന ക്ലബിനോടൊപ്പം ഇണങ്ങിച്ചേരാൻ എത്ര സമയം വേണ്ടി വരുമെന്ന് നാം കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

ഈ അടുത്തു നടന്ന ഫ്രഞ്ച് ലീഗിലെ മത്സരമാണ് അദ്ദേഹത്തിന്റെ ആരാധകരെ അങ്ങേയറ്റം വിഷമത്തിലാഴ്ത്തിയത്. മത്സരത്തിന്റെ 76 ആം മിനിറ്റിൽ ഗ്രൗണ്ടിൽ നിന്ന് പിൻവലിക്കപ്പെടുമ്പോൾ അദ്ദേഹം ഒട്ടും സന്തുഷ്ടനല്ലായിരുന്നു. തന്റെ പരിശീലകന് കൈ കൊടുക്കാൻ പോലും താല്പര്യം കാണിക്കാതെ അദ്ദേഹം കയറിപ്പോയത് ഇന്ന് ഫുട്‌ബോൾ ലോകത്ത് ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.നീണ്ട 21 വർഷക്കാലത്തോളം തന്റെ ശ്വാസം പോലെ താൻ നെഞ്ചേറ്റിയ ക്ലബാണ് ബാഴ്സലോണ. തന്നെ വളർത്തിയ ക്ലബ് , തന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച ക്ലബ് , ഇന്ന് അദ്ദേഹം എവിടെയെത്തി നിൽക്കുന്നുവോ ആ ഉയരങ്ങളിൽ എത്താൻ അദ്ദേഹത്തിന് പ്രചോദനമായ ക്ലബ്. ഇവിടം വിട്ടു പോകുന്നത് ഒരു പക്ഷെ അദ്ദേഹം ചിന്തിച്ചിരുന്നിട്ടു പോലും ഇല്ലായിരിക്കാം.

എന്നാലും ഫുട്ബോൾ എന്ന ഈ വലിയ കളിക്കളത്തിൽ ഒന്നും പ്രവചിക്കാൻ സാധ്യമല്ല. പൊസിഷൻ ഫുട്ബോൾ കളിച്ചു നേട്ടങ്ങൾ വെട്ടിപ്പിടിച്ച ബാഴ്സലോണക്ക് ചുക്കാൻ പിടിക്കാൻ അദ്ദേഹത്തിന്റെ കരങ്ങൾ തന്നെയായിരുന്നു എന്നും മുന്നിൽ. എന്നാൽ ഇന്ന് ഈ നീണ്ട 21 വർഷകാലത്തിനു ശേഷം ആ ക്യാപ്റ്റൻ ബാൻഡ് അദ്ദേഹം ഊരി വെക്കുമ്പോൾ അത് ഹൃദയഭേദകമായി ഓരോ ഫുട്‌ബോൾ ആരാധകന്റെയും നെഞ്ചിൽ തറക്കുന്നു.തന്റെ സഹതാരങ്ങൾ ആയ എയ്ഞ്ചൽ ഡി മരിയയും,ഇക്കാർഡിയും,പരേഡസും ഉറ്റസുഹൃത്തും ബാഴ്സലോണയിലെ മുൻ സഹതാരവുമായ നെയ്മറും പി.എസ്.ജി യിൽ ഉള്ളത് കൊണ്ട് തന്നെ പി.എസ്.ജി യും ആയി ഒരു ആത്മബന്ധം നിലനിർത്താനും അവരുമായി പെട്ടെന്ന് ഒത്തിണങ്ങാനും അദ്ദേഹത്തിന് സാധിക്കും.

എന്നിരുന്നാലും അപ്രതീക്ഷിതമായ ഈ ട്രാൻസ്ഫർ അദ്ദേഹത്തെ പഴയ മെസ്സി ആക്കി മാറ്റാൻ കുറച്ചു സമയം എടുത്തെന്നു വരും. കല്ലെറിയുന്നവർ ഒന്നോർക്കുക.. അസ്തമയത്തിന് ശേഷം ഉദയം ഇല്ലെങ്കിൽ അതൊരു സൂര്യനല്ലാതിരിക്കണം, കുരിശേറ്റത്തിനു ശേഷം ഉയിർത്തെഴുന്നേൽപ്പില്ലെങ്കിൽ അതൊരു മിശിഹായല്ലാതിരിക്കണം.

Hari Kappada

Rate this post