ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയില്ലാതെ തുടർച്ചയായ രണ്ടാം ലീഗ് മത്സരം കളിക്കാൻ ഇറങ്ങിയ അമേരിക്കൻ ഫുട്ബോൾ ക്ലബ് ആയ ഇന്റർ മിയാമിക്ക് കനത്ത പരാജയം. എതിർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ഇന്റർമിയാമി തോൽക്കുന്നത്. അർജന്റീന ദേശീയ ടീമിനോടൊപ്പം നാഷണൽ ഡ്യൂട്ടിയിലേക്ക് പോയതിനാൽ മെസ്സി ഇല്ലാതെയായിരുന്നു മിയാമി കളിക്കാൻ ഇറങ്ങിയത്.
മെസ്സിയില്ലാതെ ആദ്യമത്സരത്തിൽ ഇന്റർ മിയാമി വിജയം നേടിയെങ്കിലും ശക്തരായ അറ്റ്ലാൻഡ യൂനൈറ്റഡിനെതിരെ ഇന്ന് നടന്ന മേജർ സോക്കർ ലീഗ് മത്സരത്തിലാണ് ഇന്റർ മിയാമി വമ്പൻ പരാജയം ഏറ്റുവാങ്ങുന്നത്. അറ്റ്ലാൻഡ യൂണിറ്റഡിന്റെ മൈതാനമായ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ 25 മീനിറ്റിൽ ഗോൾ നേടി കമ്പാനയാണ് മിയാമിയെ മുന്നിലെത്തിക്കുന്നത്. എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽ നേടിയ ലീഡ് നിലനിർത്താൻ മിയാമിക്ക് കഴിഞ്ഞില്ല.
36 മിനിറ്റിൽ മുയുമ്പയിലൂടെ സമനില നേടിയ അറ്റ്ലാൻഡ യൂണിറ്റഡ് 41 മിനിറ്റിൽ ഇന്റർമിയാമി താരം മില്ലർ നേടുന്ന സെൽഫ് ഗോളിലൂടെ ആദ്യപകുതി ലീഡ് നേടി. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷികവേ ലെനൻ നേടുന്ന ഗോളിലൂടെ ലീഡ് ഉയർത്തിയ അറ്റ്ലാൻഡ യൂണിറ്റഡ് 3-1 സ്കോറിന് ആദ്യപകുതിയിൽ പിരിഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 53 മിനിറ്റിൽ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് മത്സരത്തിലെ രണ്ടാം ഗോൾ നേടിയ കമ്പാന മിയാമിക്ക് തിരിച്ചുവരവ് പ്രതീക്ഷകൾ നൽകിയെങ്കിലും ഹോം ടീം പിന്നീടും തിരിച്ചടിക്കുകയായിരുന്നു.
76, 89 മിനിറ്റുകളിൽ രണ്ടു ഗോളുകൾ കൂടി നേടിയ അറ്റ്ലാൻഡ യൂണിറ്റഡ് മത്സരത്തിൽ ആധികാരിക വിജയം നേടി മൂന്നു പോയിന്റുകൾ സ്വന്തമാക്കി. മത്സരം വിജയിച്ച അറ്റ്ലാൻഡ യൂണിറ്റഡ് 29 മത്സരങ്ങളിൽ നിന്നും 45 പോയിന്റുമായി ടേബിളിൽ ആറാം സ്ഥാനത്താണ്. 27 മത്സരങ്ങളിൽ നിന്നും 28 പോയന്റ് മാത്രമുള്ള ഇന്റർമിയാമി പതിനാലാം സ്ഥാനത്താണ് നിലവിലുള്ളത്. മിയാമിയുടെ അടുത്ത മത്സരത്തിൽ ലിയോ മെസ്സി ടീമിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.