ബ്ലോക്ക് ബെസ്റ്റർ സൈനിങ്ങിന് ഒരുങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും കനത്ത തിരിച്ചടി..

പുതിയ പരിശീലകനു കീഴിൽ മികച്ചൊരു തുടക്കം സ്വപ്‌നം കണ്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസണിൽ രണ്ടു മത്സരങ്ങൾ പൂർത്തിയായപ്പോൾ നിരാശ മാത്രമാണ് ലഭിച്ചത്. പ്രീമിയർ ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആരാധകരും വിമർശനങ്ങൾ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. അതിനെ മറികടന്ന് സീസണിൽ ടീമിനെ കൂടുതൽ ശക്തമാക്കാൻ പുതിയ സൈനിംഗുകൾ നടത്താനുള്ള ശ്രമം ക്ലബ് നടത്തുന്നുണ്ടെങ്കിലും അവിടെയും മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കുകയായെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അത്ലറ്റികോ മാഡ്രിഡ് മുന്നേറ്റനിര താരമായ ജോവ ഫെലിക്‌സിനെ ടീമിനെ കൂടുതൽ ശക്തമാക്കാൻ വേണ്ടി ലക്ഷ്യമിട്ടിരുന്നു എങ്കിലും താരത്തിനു വേണ്ടിയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ നീക്കത്തിൽ തന്നെ കാലിടറിയെന്ന് സ്പെയിനിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പറയുന്നു. 135 മില്യൺ യൂറോയെന്ന വലിയ വാഗ്‌ദാനമാണ് പോർച്ചുഗീസ് താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടു വെച്ചതെങ്കിലും അത്ലറ്റികോ മാഡ്രിഡിന് ഫെലിക്‌സിനെ വിൽക്കാൻ യാതൊരു താൽപര്യവും ഇല്ലാത്തതിനാൽ അവരതു നിരസിച്ചുവെന്ന് സ്‌പാനിഷ്‌ മാധ്യമം എഎസ് ആണു പുറത്തു വിട്ടിരിക്കുന്നത്.

ബെൻഫിക്കയിൽ നിന്നും വമ്പൻ തുകയുടെ ട്രാൻസ്‌ഫറിൽ അത്ലറ്റികോ മാഡ്രിഡിൽ എത്തിയ ജോവോ ഫെലിക്‌സിനു ഇതുവരെയും തന്റെ ഏറ്റവും മികച്ച പ്രകടനം ക്ലബിനു വേണ്ടി നടത്താൻ കഴിഞ്ഞിട്ടില്ലായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കു മുൻപ് നടന്ന, ഈ സീസണിലെ ആദ്യത്തെ ലാ ലീഗ മത്സരത്തിൽ ഹാട്രിക്ക് അസിസ്റ്റുകൾ സ്വന്തമാക്കി പ്രതീക്ഷ നൽകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിലെ തിരിച്ചടികളെ മറികടക്കാൻ ശ്രമിക്കുന്ന അത്ലറ്റികോ മാഡ്രിഡ് അതിനാൽ താരത്തെ വിട്ടുകൊടുക്കാൻ സാധ്യതയില്ല. ടീമിന്റെ പ്രധാന ഭാഗമായാണ് ഫെലിക്‌സിനെ സിമിയോണി കരുതുന്നത്.

ഫെലിക്‌സിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ തുക വാഗ്‌ദാനം ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ആഴ്ചകൾ അടുത്ത് കൊണ്ടിരിക്കെ പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നതിൽ സംശയമില്ല. സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിൽ നേരിട്ട തോൽവി മറ്റൊരു നിരാശപെടുത്തുന്ന സീസണിന്റെ തുടക്കമാണോ എന്ന് ആരാധകരും ടീമിന്റെ ഭാഗമായവരും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അതിനെ മറികടക്കാൻ ഏതാനും സൈനിംഗുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്താനുള്ള സാധ്യതയുണ്ട്.

Rate this post
Atletico MadridJoao FelixManchester United