ഒരുമിച്ചു നിന്നാൽ ഞങ്ങളെ ആർക്കും തോൽപ്പിക്കാനാവില്ല , ആത്മവിശ്വാസത്തോടെ എൽ ക്ലാസിക്കോക്കൊരുങ്ങി തിബോട് കോർട്‌വ

ഇത്തവണയും റയൽ മാഡ്രിഡിനു കിരീടംനേട്ടങ്ങളോടെ തന്നെ സീസണിൽ അവസാനിപ്പിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് റയൽ മാഡ്രിഡിന്റെ ബെൽജിയൻ  സൂപ്പർകീപ്പർ തിബോട് കോർട്‌വ. നിലവിൽ ലാലിഗയിൽ സ്ഥാനക്കയറ്റം കിട്ടിവന്ന കാഡിസ് എഫ്‌സിയോടും ചാമ്പ്യൻസ്‌ ലീഗിൽ ഷാക്തർ ഡോണെസ്കിനോടും തുടർച്ചയായി തോൽവി വഴങ്ങിയിരിക്കുകയാണ് സിദാന്റെ റയൽ മാഡ്രിഡ്‌. എന്നിരുന്നാലും ഒത്തൊരുമയോടെ വർത്തിച്ചാൽ ആർക്കും ഇനി തങ്ങളെ തോൽപിക്കാനാവില്ലെന്നു ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോർട്‌വ.

ഇന്നു രാത്രി നടക്കാനിരിക്കുന്ന  എൽക്ലാസിക്കോ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്  റയൽ മാഡ്രിഡ്‌. ബാഴ്സലോണ തട്ടകമായ ക്യാമ്പ് നൂവിൽ വെച്ചാണ് മത്സരം നടക്കുന്നത്. എൽ ക്ലാസിക്കോ വളരെ സ്‌പെഷ്യലായിട്ടുള്ള മത്സരമാണെന്നാണ് കോർട്‌വയുടെ അഭിപ്രായം.  എൽക്ലാസിക്കോ വിജയം നേടി ടീമിന്റെ ആത്മവിശ്വാസം ഉയർത്താനാണ് ലക്ഷ്യമെന്നും കോർട്‌വ പ്രതീക്ഷ പ്രകടിപ്പിച്ചു.

“റയൽ മാഡ്രിഡിനു വേണ്ടിയാണു കളിക്കുന്നതെങ്കിൽ നിങ്ങൾ കളിക്കുന്ന ഒരോ കിരീടവും നേടാൻ റയൽ മാഡ്രിഡ്‌ പരമാവധി ശ്രമിക്കും. അതാണ് ഒരു ലോകത്തിലെ തന്നെ മികച്ച  ടീമിനെ ഉണ്ടാക്കുന്നത്. ഞങ്ങൾക്ക് അതറിയാവുന്നതുകൊണ്ട് എല്ലാ കിരീടങ്ങൾ ജയിക്കുന്നതിനുവേണ്ടിയും പരമാവധി ശ്രമിക്കും. ഞങ്ങൾ ഒത്തൊരുമിച്ചു മുന്നേറുകയാണെങ്കിൽ ഒരു ടീമിനും ഞങ്ങളെ തോൽപ്പിക്കാനാവില്ല.” കോർട്‌വ ലാലിഗയോട് പറഞ്ഞു.

എൽ ക്ലാസിക്കോയെ കുറിച്ച് സംസാരിക്കാനും കോർട്‌വ മറന്നില്ല. ” ഇത് ഏറ്റവും സാവിശേഷമായ ഒരു മത്സരം തന്നെയാണ്. ചെൽസിയിൽ ആയിരുന്ന കാലത്തും ഞാൻ ടീവിയിൽ കഴിയുന്നതും ക്ലാസിക്കോ കാണാൻ ശ്രമിക്കാറുണ്ടായിരുന്നു. ഇതൊക്കെയാണ് നമ്മൾ കളിക്കണമെന്ന് സ്വപ്നം കാണുന്ന മത്സരങ്ങളിലൊന്നു. രണ്ടു വമ്പന്മാർ തമ്മിൽ ഏറ്റുമുട്ടുന്ന എൽക്ലാസിക്കോ വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങൾക്ക് ജയിക്കാനായാൽ അത് നല്ലകാര്യമാണ്. ഒപ്പം വിജയം തുടരുകയും വേണം. എല്ലാ ആഴ്ചകളെപ്പോലെയും ഈ മൂന്നു പോയിന്റും വളരെ പ്രധാനപ്പെട്ടതാണ്‌. ഇത് ജയിക്കാനാവുന്നത് ഞങ്ങൾക്ക് കൂടുതൽ ആത്‍മവിശ്വാസം നൽകും. എല്ലാറ്റിനും പുറമെ എൽ ക്ലാസിക്കോ ജയിക്കുന്നത് അഭിമാനത്തിന്റെ കൂടി ഭാഗമാണ്. ” കോർട്‌വ കൂട്ടിച്ചേർത്തു.

Rate this post
El clasicoReal MadridThibot Courtois