ആഴ്സനലുമായുള്ള കരാറിൽ ഒരു വർഷം മാത്രം ബാക്കി നിൽക്കെ അതു പുതുക്കുന്ന കാര്യത്തിൽ തീരുമാനം വൈകിപ്പിക്കുകയാണ് സൂപ്പർതാരം ഓബമയാങ്ങ്. താരം ആഴ്സനലിൽ തന്നെ തുടരുമെന്ന് പരിശീലകൻ അർടേട്ട പൂർണമായും പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ബാഴ്സലോണയുടെ വിളി വന്നാൽ സ്പാനിഷ് ക്ലബിലേക്കു ചേക്കേറാനാണു ഗാബോൺ താരത്തിന്റെ തീരുമാനമെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ടു ചെയ്യുന്നു.
ഇന്റർമിലാൻ താരമായ ലൗടാരോ മാർട്ടിനസിന്റെ ട്രാൻസ്ഫർ ഈ സമ്മറിൽ ബാഴ്സലോണക്ക് അപ്രാപ്യമാണെന്നതാണ് ഓബമയാങ്ങിന്റെ പ്രതീക്ഷ. സുവാരസിനു പകരക്കാരനായി ഒരു സ്ട്രൈക്കറെ ബാഴ്സക്ക് അത്യാവശ്യമാണ്. എന്നാൽ ലൗടാരോയെ സ്വന്തമാക്കാനുള്ള തുക ബാഴ്സയുടെ കയ്യിൽ ഇല്ല താനും. അതു കൊണ്ടു തന്നെ രണ്ടാമതായി ബാഴ്സ ഓബമയാങ്ങിനെ പരിഗണിച്ചേക്കും.
ഒരു വർഷം മാത്രമേ കരാറിൽ ബാക്കിയുള്ളു എന്നതിനാൽ കുറഞ്ഞ തുകക്ക് താരത്തെ സ്വന്തമാക്കാൻ ബാഴ്സക്കു കഴിയും. മുപ്പത്തിയൊന്നുകാരനായ താരം ഇപ്പോഴും ലോകത്തിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ്. ഈ സീസണിൽ ഇരുപത്തിയഞ്ചു ഗോളുകൾ നേടിയിട്ടുള്ള ഓബമയാങ്ങ് കരിയറിന്റെ അവസാനം ലോകത്തിലെ ഏറ്റവും മികച്ച ക്ലബിൽ കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.