എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകനായി റൊണാൾഡ് കൂമാൻ ചുമതലയേറ്റത് കഴിഞ്ഞ ദിവസമാണ്. എന്നാൽ കൂമാന് കീഴിൽ കാര്യങ്ങൾ ദ്രുതഗതിയിൽ ആണ് പുരോഗമിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ഇതിനോട് അനുബന്ധിച്ച് സൂപ്പർ താരം ലയണൽ റൊണാൾഡ് കൂമാനുമായി ഉടനടി ചർച്ച നടത്തും. മെസ്സി തന്റെ ഹോളിഡേ റദ്ദാക്കി കൊണ്ട് അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്താൻ സമ്മതിച്ചിട്ടുണ്ട്. ഉടനെ തന്നെ ഇരുവരും ക്ലബിന്റെയും താരത്തിന്റെയും ഭാവികളെ കുറിച്ച് ചർച്ച ചെയ്‌തേക്കും.
മെസ്സി ബാഴ്സ വിടുമെന്നുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്ന ഈ വേളയിലാണ് കൂമാൻ മെസ്സിയുമായി ചർച്ചകൾ നടത്തുന്നതും. അത്കൊണ്ട് തന്നെയാണ് പെട്ടന്ന് തന്നെ കൂടികാഴ്ച്ച നടത്താൻ അദ്ദേഹം തീരുമാനിച്ചതും. മെസ്സിയുടെ ഭാവിയെ കുറിച്ച് ചർച്ച ചെയ്യുന്നതിനായിരിക്കും പ്രഥമപരിഗണന നൽകുക എന്നാണ് സൂചനകൾ. ഇന്നലെ നടന്ന ഇന്റർവ്യൂവിൽ മെസ്സിയെ എങ്ങനെ ക്ലബിൽ നിലനിർത്താൻ വേണ്ടി ബോധ്യപ്പെടുത്തണം എന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. അത് തന്നെയാണ് കൂമാൻ മെസ്സിയുമായി നടത്തുന്ന ചർച്ചയിലെ വെല്ലുവിളിയും. ക്ലബിൽ നടപ്പിലാക്കേണ്ട മാറ്റങ്ങളെ കുറിച്ചും കളിരീതികളെ കുറിച്ചും ഇരുവരും കാര്യമായി തന്നെ ചർച്ച ചെയ്‌തേക്കും എന്നാണ് അറിയാൻ കഴിയുന്നത്.
ഇന്നലെ കൂമാന്റെ അവതരണവേളയിൽ അദ്ദേഹം മെസ്സിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് : ” ക്ലബിൽ തുടരാൻ വേണ്ടി മെസ്സിയെ എങ്ങനെ ബോധ്യപ്പെടുത്തണം എന്ന് എനിക്കറിയില്ല. ലോകത്തിലെ ഏറ്റവും മികച്ച താരമായ അദ്ദേഹത്തെ എപ്പോഴും നിങ്ങളുടെ ടീമിന് ആവശ്യമാണ്. ഒരു പരിശീലകൻ എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. അദ്ദേഹം തുടരാൻ തീരുമാനിച്ചാൽ അത് എന്നെ വളരെയധികം സന്തോഷവാനാക്കും. ഇന്ന് മുതൽ ഞാൻ അദ്ദേഹവുമായി സംസാരിക്കൽ ആരംഭിക്കും. ഞങ്ങൾ എല്ലാ താരങ്ങളുമായും സംസാരിക്കാനും പ്രവർത്തിക്കാനും തുടങ്ങുകയാണ്. മെസ്സിയുടെ കാര്യത്തിൽ അദ്ദേഹം ഒരുപാട് വർഷം ഇവിടെ തന്നെ തുടരും എന്നാണ് ഞാൻ കരുതുന്നത്. തീർച്ചയായും അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തൽ അത്യാവശ്യമാണ്. പരിശീലകൻ എന്ന നിലയിൽ എനിക്ക് ഒരുപാട് തീരുമാനങ്ങൾ എടുക്കാനുണ്ട്. അദ്ദേഹത്തിന് ഒരുവർഷം കൂടിയുണ്ട്. പരിശീലകൻ എന്ന നിലയിൽ ടീമിന്റെ പ്രധാനപ്പെട്ട താരമാണ് മെസ്സി ” കൂമാൻ പറഞ്ഞു.