വെയിൽസ് താരം ഗരത് ബേൽ റയൽ മാഡ്രിഡ് വിട്ട് ടോട്ടനം ഹോസ്പറിലേക്കു ചേക്കറിയ കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത് മണിക്കൂറുകൾക്കു മുൻപാണ്. എന്നാൽ താരം റയൽ വിടുന്നതിനു മുൻപു തന്നെ ബേലിന്റെ പതിനൊന്നാം നമ്പർ ജേഴ്സി റയൽ കൈമാറിയിട്ടുണ്ട്. സ്പാനിഷ് താരം അസെൻസിയോയാണ് ഇനി ബേലിന്റെ ജേഴ്സി അണിയുക.
തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അസെൻസിയോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സ്പാനിഷ് മാധ്യമം മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ബേലിന്റെ ജേഴ്സിക്കായി റയലിൽ വലിയൊരു പോരു തന്നെ താരങ്ങൾ തമ്മിൽ നടന്നിട്ടുണ്ട്. പ്രധാനമായും ബ്രസീലിയൻ താരം വിനീഷ്യസും അസെൻസിയോയും തമ്മിൽ നടന്ന മത്സരത്തിനൊടുവിൽ സ്പാനിഷ് താരം ജേഴ്സി സ്വന്തമാക്കുകയായിരുന്നു.
അസെൻസിയോക്ക് യഥാർത്ഥത്തിൽ താൽപര്യം പത്താം നമ്പർ ജേഴ്സി അണിയുന്നതിനാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഈ നമ്പർ അദ്ദേഹം കൂട്ടിച്ചേർത്തിട്ടുമുണ്ട്. എന്നാൽ ലൂക്കാ മോഡ്രിച്ച് ടീം വിടാതെ അത് അസെൻസിയോക്ക് സ്വന്തമാക്കാൻ കഴിയില്ല. ഇതു വരെയും ഇരുപതാം നമ്പർ ജേഴ്സിയായിരുന്നു താരം അണിഞ്ഞു കൊണ്ടിരുന്നത്.
അതേ സമയം ബേൽ റയൽ വിട്ട കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുൻപു തന്നെ ജേഴ്സി കൈമാറിയത് മര്യാദ കേടാണെന്ന ആരോപണവും ഉയരുന്നുണ്ട്. താരത്തിന്റെ പ്രവൃത്തികളിൽ റയൽ നേതൃത്വത്തിന് അതൃപ്തി ഉണ്ടായിട്ടുണ്ടെങ്കിലും ക്ലബിനെ നിരവധി കിരീടങ്ങളിലേക്കു നയിച്ച താരത്തോടു കാണിച്ചത് നീതികേടാണെന്ന വാദം ഉയരുന്നുണ്ട്.