റയൽ മാഡ്രിഡിൽ നിന്നും ടോട്ടനം ഹോസ്പറിലേക്കു ചേക്കേറിയ വെയിൽസ് താരം ഗരേത് ബേൽ ഞായറാഴ്ച വെസ്റ്റ് ഹാമിനെ നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ കളിക്കുമെന്നതിന്റെ സൂചനകൾ നൽകി പരിശീലകൻ മൊറീന്യോ. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിൽ നിന്നും ലോണിൽ ഇംഗ്ലണ്ടിലെത്തിയതിനു ശേഷം ഇതുവരെയും ഒരു മത്സരം പോലും കാൽപാദത്തിനേറ്റ പരിക്കു മൂലം കളിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ പരിക്കു മാറിയ താരത്തിന് അവസരം നൽകുമെന്നതിന്റെ സൂചനകൾ മൊറീന്യോ നൽകി.
“ടീമാണ് ഏറ്റവും പ്രധാനം. ബേൽ ഇവിടെയെത്തിയിരിക്കുന്നത് ടീമിനെ സഹായിക്കാൻ വേണ്ടിയാണെന്നതു കൊണ്ട് അദ്ദേഹത്തിന്റെ കാര്യം തീർച്ചയായും ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ ടീമിനും താരത്തിനും ഗുണകരമായ തീരുമാനമാണ് ഞങ്ങൾ തീർച്ചയായും എടുക്കുക.” മൊറീന്യോ പറഞ്ഞു.
“ക്ലബിനൊപ്പമുള്ള ബേലിന്റെ സീസൺ മികച്ചതാകണം എന്നാണു ഞങ്ങൾ ആഗ്രഹിക്കുന്നത്. താരത്തിന്റെ കരിയറിലെ ഈ ഘട്ടം വളരെ പ്രധാനമാണ്.” മുൻപ് റയൽ മാഡ്രിഡ് പരിശീലകനായിരിക്കുമ്പോൾ ബേലിനെ പരിശീലിപ്പിച്ചിട്ടുള്ള മൗറീന്യോ പറഞ്ഞു.
2013ൽ റയൽ മാഡ്രിഡിലേക്കു ചേക്കേറിയ ബേൽ സിദാനു കീഴിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്നാണ് സ്പെയിൻ വിട്ടത്. മികച്ച ഫോമിൽ കളിക്കുന്ന ടോട്ടനത്തിന് താരത്തിന്റെ വരവ് കൂടുതൽ കരുത്തു പകരം. സോൺ, കേൻ, എന്നിവർക്കൊപ്പം ചേർന്ന് പ്രീമിയർ ലീഗിലെ മികച്ച മുന്നേറ്റനിരയുടെ ഭാഗമാകാനുള്ള തയ്യാറെപ്പിലാണ് ബേൽ.