റെക്കോർഡ് തുകയുടെ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ് ബേലിനെ സ്വന്തമാക്കിയപ്പോൾ അതു തങ്ങൾക്കു തന്നെ കുരിശാകുമെന്ന് ക്ലബ് നേതൃത്വം കരുതിക്കാണില്ല. റയലിനു വേണ്ടി പല നിർണായക മത്സരങ്ങളിലും ഗോളുകൾ നേടി ടീമിനെ കിരീടത്തിലേക്കു നയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ക്ലബിനോടുള്ള താരത്തിന്റെ സമീപനം ചർച്ചകൾക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്.
റയൽ നേരത്തെ തന്നെ ബേലിനെ വിൽക്കാൻ ശ്രമിച്ചെങ്കിലും ക്ലബ് വിടില്ലെന്ന് താരം ഉറപ്പിക്കുകയായിരുന്നു. അവസരങ്ങൾ കുറവാണെന്ന് ബോധ്യമായിട്ടും കനത്ത ശമ്പളം വാങ്ങി റയലിൽ തന്നെ തുടരാനാണ് താരം തീരുമാനിച്ചത്. അതിനിടയിൽ ഗോൾഫിനോടുള്ള താൽപര്യത്തിന്റെ പേരിൽ ബേൽ പല തവണ വാർത്തകളിൽ നിറഞ്ഞു നിന്നു. എന്നാൽ പരിഹാസങ്ങൾക്കൊന്നും ചെവി കൊടുക്കാതെ റയലിൽ തുടർന്ന താരം ഇപ്പോൾ അലാവസിനെതിരായ മത്സരത്തിനിടയിലുണ്ടായ സംഭവങ്ങളുടെ പേരിലാണ് വീണ്ടും ചർച്ചാവിഷയമാകുന്നത്.
മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം നേടാതിരുന്ന താരം മുഖത്തു വക്കുന്ന മാസ്ക് സ്ലീപ്പിംഗ് മാസ്കാക്കി മയങ്ങുന്ന ദൃശ്യം ടിവി ക്യാമറകൾ കാണിച്ചിരുന്നു. ഒരു പ്രൊഫഷണൽ ഫുട്ബോളർക്കു ചേരുന്ന പ്രവൃത്തിയല്ല അതെങ്കിലും താരം പരിഹസിക്കുന്നത് സിദാനെയാണെന്നു വ്യക്തമാണ്. റയൽ പരിശീലകൻ അവസാന സബ്സ്റ്റിട്യൂഷൻ ചെയ്തപ്പോഴും പരിഹാസത്തിന്റെ ചിരി താരത്തിന്റെ മുഖത്തുണ്ടായിരുന്നു.
ബേലിന്റെ ഈ മനോഭാവം മൂലം പ്രതിഭാധനനായ താരത്തിന്റെ കരിയറാണ് നഷ്ടപ്പെടുന്നതെന്നതു തീർച്ചയാണ്. മറ്റേതെങ്കിലും ക്ലബിൽ കളിച്ചാൽ മികച്ച താരമായി മാറേണ്ട താരം റയലിൽ ബെഞ്ചിലിരുന്നു കരിയർ തീർക്കുകയാണ്. 2022 വരെ റയലുമായി കരാറുള്ള താരം അതവസാനിക്കുന്നതു വരെ ഇങ്ങനെ തുടരുമോയെന്നാണ് ഇനിയറിയാനുള്ളത്.