ക്ലബ് വിട്ട ഗരെത് ബെയ്ലിനെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. ലാലിഗയിലെ അടുത്ത മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് സിദാൻ ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നതായി സിദാൻ അറിയിച്ചു. ഏറെ കാലം റയൽ മാഡ്രിഡ് ബെഞ്ചിൽ ഇരുന്ന ബെയ്ൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടോട്ടൻഹാമിലേക്ക് മടങ്ങുകയായിരുന്നു.
അതേ സമയം ക്ലബ്ബിന്റെ ട്രാൻസ്ഫർ പരിപാടികളെ കുറിച്ച് മനസ്സ് തുറക്കാനും സിദാൻ മടിച്ചില്ല. ഇതുവരെ ക്ലബ്ബിനോട് ആരെയെങ്കിലും വേണം എന്ന് താൻ ആവിശ്യപ്പെട്ടിട്ടില്ലെന്നും ഇനി ആവിശ്യപ്പെടാൻ പോവുന്നില്ലെന്നുമാണ് സിദാൻ അറിയിച്ചത്. എന്നാൽ ഒക്ടോബർ നാല് വരെ എന്തും സംഭവിക്കാമെന്നും ബെയ്ൽ കൂട്ടിച്ചേർത്തു. സൂപ്പർ താരം എഡിൻസൺ കവാനി റയൽ മാഡ്രിഡിൽ എത്തുമോ എന്നുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഒക്ടോബർ നാലാണ് ട്രാൻസ്ഫർ വിൻഡോയിലെ അവസാനദിവസം.
” ബെയ്ലിനെ കുറിച്ച് ഒന്നും പറയാനില്ല. ഞാൻ അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഞങ്ങൾ ഞങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവും. ഞാൻ ഇതുവരെ ഒന്നും തന്നെ ക്ലബ്ബിനോട് ആവിശ്യപ്പെട്ടിട്ടില്ല. എന്നാൽ ഒക്ടോബർ നാല് വരെ എന്തും സംഭവിക്കാം. ആരൊക്കെ ക്ലബ്ബിലേക്ക് വരുന്നു എന്നതിനെ കുറിച്ച് നിങ്ങൾ എപ്പോഴും തല്പരകക്ഷികളാണ്. എന്നാൽ എന്റെ സ്ക്വാഡിൽ ഞാൻ സന്തോഷവാനാണ്. ഞങ്ങൾ ശരിയായ രീതിയിൽ തന്നെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഞങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് ഞങ്ങൾക്ക് എത്തിച്ചേരാൻ കഴിയും ” സിദാൻ പറഞ്ഞു.
ലീഗിലെ ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡ് റയൽ സോസിഡാഡുമായി ഗോൾരഹിത സമനില വഴങ്ങിയിരുന്നു. ഈഡൻ ഹസാർഡ്, മാർക്കോ അസെൻസിയോ, വാസ്ക്കസ് എന്നിവർ ഇല്ലാതെയായിരുന്നു റയൽ ആദ്യ മത്സരത്തിന് ഇറങ്ങിയിരുന്നത്. അതേ സമയം നാളെയാണ് റയൽ രണ്ടാം മത്സരം കളിക്കുന്നത്. റയൽ ബെറ്റിസാണ് റയലിന്റെ എതിരാളികൾ. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് ബെറ്റിസിന്റെ വരവ്. അത്കൊണ്ട് തന്നെ റയൽ മാഡ്രിഡ് വിജയിക്കണമെങ്കിൽ പാടുപെടുമെന്നുറപ്പാണ്.