ഗരത് ബേലിന്റെ പാത പിന്തുടർന്ന് റയൽ മാഡ്രിഡ് വിട്ട് ടോട്ടനം ഹോസ്പറിലേക്കു ചേക്കേറുന്ന കാര്യം ചിന്തിക്കുന്നില്ലെന്നു ലൂക്ക മോഡ്രിച്ചിന്റെ വെളിപ്പെടുത്തൽ. പ്രായമായതു കൊണ്ടാണ് തന്റെ മുൻ ക്ലബിലേക്കു ചേക്കേറുന്ന കാര്യം താൻ പരിഗണിക്കാത്തതെന്നും മുപ്പത്തിയഞ്ചു വയസുള്ള ക്രൊയേഷ്യൻ മധ്യനിരതാരം വ്യക്തമാക്കി.
“ടോട്ടനത്തിലേക്കു തിരിച്ചു പോകാനുള്ള പ്രായം എനിക്കു കഴിഞ്ഞിരിക്കുന്നു. റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിച്ചതിനു ശേഷം മറ്റു കാര്യങ്ങൾ ചിന്തിക്കും. ഏതാനും വർഷങ്ങൾ കൂടി ഫുട്ബോളിൽ തുടരണമെന്നാണ് എന്റെ ആഗ്രഹം. മാഡ്രിഡിനൊപ്പം കിരീടങ്ങൾ സ്വന്തമാക്കുന്നതിലാണ് ഞാൻ ശ്രദ്ധ ചെലുത്തുന്നത്.”
“അതിനു ശേഷം മാനേജ്മെൻറുമായി സംസാരിച്ച് രണ്ടു പേർക്കും ഉചിതമായ തീരുമാനമെടുക്കും. ക്ലബിലെ എല്ലാവരുമായും വളരെ നല്ല ബന്ധമുള്ളതു കൊണ്ട് ഭാവിയിൽ എന്തു സംഭവിച്ചാലും അതു പ്രശ്നമില്ല.” ഫോർ ഫോർ ടുവിനോടു സംസാരിക്കുമ്പോൾ മോഡ്രിച്ച് പറഞ്ഞു.
നാലു വർഷം ടോട്ടനത്തിൽ ഒരുമിച്ചു കളിച്ച താരങ്ങളാണ് ബേലും മോഡ്രിച്ചും. 2012ൽ മോഡ്രിച്ച് റയലിലേക്കു ചേക്കേറി ഒരു വർഷം കഴിഞ്ഞപ്പോൾ ബേലും സ്പാനിഷ് തലസ്ഥാനത്തെത്തി. റയലിനു നാലു ചാമ്പ്യൻസ് ലീഗുകൾ നേടിക്കൊടുക്കാൻ ഇരുവരും സഹായിച്ചിരുന്നു.