ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന് മുമ്പേ ബാഴ്സ വിൽക്കാൻ ഉദ്ദേശിക്കുന്ന താരങ്ങൾ ഇവരൊക്കെ !

കുറച്ചു മുമ്പാണ് മധ്യനിരയിലെ മിന്നും താരം ആർതുറോ വിദാലിനെ എഫ്സി ബാഴ്‌സലോണ ഇന്ററിന് കൈമാറിയത്. പുതിയ പരിശീലകൻ റൊണാൾഡ് കൂമാന്റെ വരവോടെ ഒരുപിടി താരങ്ങൾ ഇപ്പോൾ ക്ലബ്ബിന് പുറത്തേക്ക് പോവുകയാണ്. വിദാലിനെ കൂടാതെ ഇവാൻ റാക്കിറ്റിച്ച് ബാഴ്‌സ വിട്ട് മുൻ ക്ലബായ സെവിയ്യയിലേക്ക് ചേക്കേറിയിരുന്നു. കൂടാതെ മുമ്പ് തന്നെ മധ്യനിര താരം ആർതർ മെലോ യുവന്റസിലേക്ക് ചേക്കേറിയിരുന്നു. മിറലം പ്യാനിക്കിനെ ഉൾപ്പെടുത്തിയുള്ള സ്വാപ് ഡീലിൽ ആണ് ആർതർ യുവന്റസിൽ എത്തിയത്. ഇതോടെ മൂന്ന് മിഡ്‌ഫീൽഡർമാരെ ബാഴ്‌സ ഒഴിവാക്കി കഴിഞ്ഞു.

ഇനി ബാഴ്സ വിൽക്കാനൊരുങ്ങുന്നതിൽ ഉള്ള പ്രധാനപ്പെട്ട താരം ലൂയിസ് സുവാരസാണ്. താരത്തെ അത്‌ലറ്റിക്കോ മാഡ്രിഡിന് കൈമാറുമെന്ന വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും ഏറ്റവും പുതിയ വാർത്തകൾ പ്രകാരം ബാഴ്‌സ ഇത് തടഞ്ഞിട്ടുണ്ട്. ഏതായാലും വരും ദിവസങ്ങളിൽ തടസ്സങ്ങൾ ഒക്കെ നീങ്ങി താരം മറ്റേതെങ്കിലും ക്ലബ്ബിൽ എത്തുമെന്നാണ് പ്രതീക്ഷിപ്പെടുന്നത്. താരം ക്ലബ് വിടാനുള്ള ഒരുക്കത്തിൽ തന്നെയാണ്. പക്ഷെ താരം ഫ്രീ ട്രാൻസ്ഫറിൽ ചേക്കേറാനാണ് സാധ്യത എന്നുള്ളത് ബാഴ്‌സക്ക് നഷ്ടകച്ചവടമാണ്.

ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന് മുമ്പ് ബാഴ്‌സ വിൽക്കാൻ ഉദ്ദേശിക്കുന്ന മറ്റൊരു താരം ജീൻ ക്ലെയർ ടോഡിബോയാണ്. നിലവിൽ ബാഴ്‌സക്കൊപ്പം താരം പരിശീലനം നടത്തുന്നുണ്ട്. ബെൻഫിക്ക, വോൾവ്‌സ് എന്നിവരാണ് താരത്തിൽ താല്പര്യം പ്രകടിപ്പിച്ചവർ. ഇനി മറ്റൊരു താരം സാമുവൽ ഉംറ്റിറ്റിയാണ്. ഡിഫൻഡറായ താരത്തെ ആവിശ്യമില്ലെന്ന് കൂമാൻ അറിയിച്ചിരുന്നു. പല ക്ലബുകളും മുന്നോട്ട് വരുന്നുണ്ടെങ്കിലും ആരും തന്നെ ഓഫർ നൽകിയിട്ടില്ല. ലിയോണിലേക്ക് മടങ്ങുമെന്ന വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും വമ്പൻ സാലറി മൂലം ലിയോൺ തന്നെ ഇത് തള്ളുകയായിരുന്നു.

ഇനിയുള്ളത് രണ്ട് ബ്രസീലിയൻ താരങ്ങളാണ്. റഫീഞ്ഞയാണ് ഒരു താരം. ലോണിൽ കളിച്ചിരുന്ന താരത്തെ സെൽറ്റ വിഗോ സ്ഥിരമായി വാങ്ങുമെന്നാണ് ബാഴ്‌സ പ്രതീക്ഷിക്കുന്നത്. പക്ഷെ പതിനഞ്ചു മില്യൺ ലഭിക്കണം എന്നാണ് ബാഴ്‌സയുടെ നിലപാട്. എന്നാൽ ഇത് കൂടുതലാണ് എന്നാണ് സെൽറ്റ പറയുന്നത്. ഏതായാലും ട്രാൻസ്ഫർ നടക്കുമെന്ന പ്രതീക്ഷയിലാണ് നിലവിൽ റഫീഞ്ഞ ഉള്ളത്. മറ്റൊരു ബ്രസീലിയൻ താരമായ മാത്യോസ് ഫെർണാണ്ടസും ബാഴ്‌സക്ക് പുറത്തേക്കാണ്. കഴിഞ്ഞ സീസണിൽ റയൽ വല്ലഡോലിഡിൽ ആയിരുന്നു താരം കളിച്ചത്. ഇതുവരെ ഓഫറുകൾ ഒന്നും വന്നിട്ടില്ല.

Rate this post
Fc BarcelonaLuis SuarezSamuel Umtiti