ബാഴ്സലോണയും യുവന്റസും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം ട്വിറ്ററിൽ പോരടിച്ച് ക്ലബുകൾ. മെസിയാണോ റൊണാൾഡോയാണോ ‘ഗോട്ട്’ എന്നതിനെ ചൊല്ലിയാണ് ക്ലബുകളുടെ അഡ്മിൻമാർ ട്വിറ്ററിൽ പോരെടുത്തത്. റൊണാൾഡോക്കു കളിക്കാൻ കഴിയാതിരുന്ന മത്സരത്തിൽ മെസി മികച്ച പ്രകടനം നടത്തിയതിനു ശേഷം ബാഴ്സലോണയിട്ട പോസ്റ്റോടെയാണ് ഇതിനു തുടക്കം.
മത്സരത്തിനു ശേഷം മെസിയുടെ ചിത്രം പോസ്റ്റു ചെയ്ത ബാഴ്സലോണ ട്വിറ്റർ ഹാൻഡിൽ അതിൽ യുവന്റസിനെ മെൻഷൻ ചെയ്തതിനു ശേഷം കുറിച്ചത് ഇങ്ങിനെയായിരുന്നു. “നിങ്ങൾ ഗോട്ടിനെ കണ്ടു കാണുമെന്നതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്.”
അപ്പോൾ തന്നെ അതിനു മറുപടി യുവന്റസിന്റെ ട്വിറ്റർ പേജും നൽകി. “നിങ്ങൾ നോക്കിയത് തെറ്റായ ഡിക്ഷണറിയാണെന്നു തോന്നുന്നു. ശരിക്കുള്ളയാളെ ഞങ്ങൾ ക്യാമ്പ് നൂവിൽ കാണിച്ചു തരാം.” യുവന്റസ് കുറിച്ചു. റൊണാൾഡോ രണ്ടാം പാദത്തിൽ ക്യാമ്പ് നൂവിൽ കളിക്കാനിറങ്ങുമെന്നത് ഉദ്ദേശിച്ചാണ് യുവന്റസ് ബാഴ്സക്കു മറുപടി നൽകിയത്.
യുവന്റസിനെതിരെ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ മെസി മുന്നോളം സുവർണാവസരം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ക്യാമ്പ് നൂവിൽ റൊണാൾഡോ ഇറങ്ങുമ്പോൾ ഇതിനു പകരം വീട്ടാമെന്നാണ് യുവന്റസിന്റെ പ്രതീക്ഷ. ആരാധകരും കാത്തിരിക്കുന്നത് ആ മത്സരത്തിനു വേണ്ടിയാണ്.