ജനുവരിയിൽ വാൽവെർദെക്കു പകരക്കാരനായി ബാഴ്സ പരിശീലക സ്ഥാനമേറ്റെടുത്ത ക്വിക്കെ സെറ്റിയനെ ബാഴ്സ പുറത്താക്കിയേക്കുമെന്നു സൂചനകൾ. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തി ലാലിഗ കിരീടമോ ചാമ്പ്യൻസ് ലീഗ് കിരീടമോ നേടുന്നതിൽ സെറ്റിയൻ പരാജയപ്പെട്ടാൽ അദ്ദേഹത്തെ പുറത്താക്കുമെന്നാണ് പ്രമുഖ കായിക മാധ്യമമായ ഗോൾ റിപ്പോർട്ടു ചെയ്യുന്നത്.
ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ബാഴ്സലോണ ബോർഡിനു സെറ്റിയന്റ മേലുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല, ഡ്രസിംഗ് റൂമിൽ പരിശീലകന് യാതൊരു റോളുമില്ലെന്നത് സമീപകാലത്തെ സംഭവങ്ങളിൽ നിന്നും സ്പഷ്ടമായി മനസിലാക്കാവുന്നതാണ്. ബാഴ്സയുടെ പ്രകടനത്തിൽ ഒരു വലിയ മുന്നേറ്റമുണ്ടാകാതെ സെറ്റിയൻ പരിശീലക സ്ഥാനത്തു തുടരില്ലെന്നത് ഉറപ്പാണ്.
മുൻപു റയൽ താരങ്ങൾ ബെനിറ്റസിനെതിരെ തിരിഞ്ഞതിനു സമാനമായ രീതിയിലാണ് രണ്ടര വർഷത്തെ കരാർ ബാഴ്സയുമായി ഒപ്പിട്ട സെറ്റിയനെതിരെ ബാഴ്സ താരങ്ങൾ തിരിഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ കേളീശൈലിയോടുള്ള താൽപര്യമില്ലായ്മയും അസിസ്റ്റന്റ് പരിശീലകനായ എഡർ സറാബിയയുമായുള്ള പ്രശ്നങ്ങളുമെല്ലാം ടീമംഗങ്ങൾ തിരിയാൻ കാരണമായിട്ടുണ്ട്.
ജനുവരിയിൽ സാവി, കൂമാൻ എന്നീ പരിശീലകർ ബാഴ്സയെ ഏറ്റെടുക്കാൻ വിസമ്മതം അറിയിച്ചതിനെ തുടർന്നാണ് സെറ്റിയനു നറുക്കു വീണത്. സെറ്റിയനെ പുറത്താക്കുകയാണെങ്കിലും സാവിക്കു തന്നെയാണു പ്രാഥമിക പരിഗണന. എന്നാൽ ബോർഡ് ഇലക്ഷനു ശേഷമേ ബാഴ്സ പരിശീലക സ്ഥാനത്തേക്കുള്ളൂ എന്നു സാവി പറഞ്ഞതിനാൽ ബി ടീം പരിശീലകൻ ഗാർസിയ പിമിയെന്റക്കും സാധ്യതയുണ്ട്.