ബാഴ്സലോണ ആരാധകരെ സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് തന്റെ ആദ്യ മത്സരത്തിനു ശേഷം ഡച്ച് പരിശീലകനായ കൂമാൻ നടത്തിയത്. ഈ സീസണിൽ ബാഴ്സ പ്രതിരോധ തന്ത്രത്തിലൂന്നി കളിക്കാൻ സാധ്യതയുണ്ടെന്ന് ജിംനാസ്റ്റിക് ഡി ടറഗോണക്കെതിരായ മത്സരത്തിനു ശേഷം കൂമാൻ വ്യക്തമാക്കി. 4-2-3-1 ശൈലിയിൽ ബാഴ്സയെ മത്സരത്തിനിറക്കിയതിനു ശേഷമായിരുന്നു ഡച്ച് പരിശീലകന്റെ പ്രതികരണം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബാഴ്സലോണ പിന്തുടരുന്ന ശൈലിക്ക് മാറ്റം വരുത്തി പ്രതിരോധത്തിലൂന്നിയാകും ടീം കളിക്കുകയെന്ന് മാധ്യമ പ്രവർത്തകരോടു സംസാരിക്കുമ്പോൾ കൂമാൻ പറഞ്ഞു. എന്നാൽ പന്തു നേടിയെടുക്കുകയും അതുമായി നീക്കങ്ങൾ നടത്തി എതിർ പ്രതിരോധനിരക്ക് വിള്ളലുണ്ടാക്കുകയാണു പ്രധാന ലക്ഷ്യമെന്നും അതിനു കഴിയുന്ന മധ്യ നിര താരങ്ങൾ ടീമിലുണ്ടെന്നും കൂമാൻ വ്യക്തമാക്കി.
ടീമിലെ താരങ്ങൾക്കാർക്കും പരിക്കുകളില്ലാത്തത് ആശ്വാസമാണെന്നും പലരും നാൽപത്തിയഞ്ചു മിനുട്ട് തീവ്രതയോടെ കളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു മെച്ചപ്പെടാനുണ്ടെങ്കിലും ടീമിന്റെ പ്രകടനത്തിൽ തൃപ്തനാണെന്നും ഇനിയുള്ള ദിവസങ്ങളിൽ തന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ടീമിനെ സീസണു വേണ്ടി ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടീമിനെ പ്രതിരോധത്തിലൂന്നി കളിപ്പിച്ചതിന്റെ കൂടി ഭാഗമായാണ് മുൻ പരിശീലകനായ വാൽവെർദെക്കെതിരെ ബാഴ്സ ആരാധകരുടെ രോഷം ഉയരാൻ കാരണമായത്. മികച്ച പ്രകടനം നടത്താനുംകിരീടങ്ങൾ നേടാനും കഴിഞ്ഞില്ലെങ്കിൽ കൂമാന്റെ ശൈലിയും വിമർശനങ്ങൾക്കു വിധേയമാകും എന്നുറപ്പാണ്.