ബാഴ്സലോണയിൽ എന്തും നേടിയെടുക്കാൻ കഴിയുന്ന താരങ്ങളുണ്ടെന്നും ഈ സീസണിൽ കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നുണ്ടെന്നും റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. കഴിഞ്ഞ സീസണിൽ ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ബാഴ്സലോണ പുതിയ പരിശീലകനായ റൊണാൾഡ് കൂമാനു കീഴിൽ പുതിയ സീസണിലെ ആദ്യ മത്സരം കളിക്കാനിരിക്കെയാണ് സിദാന്റെ പ്രതികരണം.
“ഞാനവരെ ബഹുമാനിക്കുന്നു. അതിനപ്പുറം ഉള്ളിലെന്തു സംഭവിക്കുന്നുവെന്ന് എനിക്കറിയില്ല. അതു കൊണ്ടു തന്നെ അക്കാര്യത്തിൽ ഇടപെടാനുമില്ല. എല്ലാ ക്ലബുകളിലും പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ബാഴ്സ സ്ക്വാഡിനെ നോക്കുകയാണെങ്കിൽ അവർ എന്തിനും പൊരുതാൻ കരുത്തരാണെന്നതിൽ സംശയമില്ല.” സിദാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ലോൺ കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയ കുട്ടീന്യോയും യുവന്റസ് താരം പ്യാനിച്ച്, യുവതാരമായ ട്രിൻകാവോ, പരിക്കിൽ നിന്നും മോചിതനായ ഡെംബലെ, മെസി, ഡിയോംഗ് എന്നിങ്ങനെ താരസമ്പുഷ്ടമാണ് ബാഴ്സലോണ ടീം. പ്രതിസന്ധികൾക്കിടയിൽ ടീമിനെ കൊണ്ട് മികച്ച പ്രകടനം നടത്തിക്കുകയെന്ന ഉത്തരവാദിത്വം കൂമാൻ നടപ്പിലാക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അതേ സമയം ലാലിഗയിൽ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ റയൽ ബെറ്റിസിനെയാണ് റയൽ മാഡ്രിഡ് നേരിടുന്നത്. ആദ്യ മത്സരത്തിൽ അവർ റയൽ സോസിഡാഡിനോടു സമനില വഴങ്ങിയിരുന്നു.