ബാഴ്സലോണ ടീമിലെ മറ്റു താരങ്ങൾ വളരെ നല്ല രീതിയിൽ കഠിനാധ്വാനം ചെയ്താൽ മാത്രമേ മെസിയെ ലോകത്തിലെ മികച്ച താരമാക്കി നിലനിർത്താൻ കഴിയൂവെന്ന് വ്യക്തമാക്കി റൊണാൾഡ് കൂമാൻ. എല്ലാ പരിശീലകരും മെസിക്ക് കളിക്കളത്തിൽ പൂർണ സ്വാതന്ത്ര്യം നൽകുന്നതു കൊണ്ടു തന്നെ പ്രതിരോധത്തിൽ അർജന്റീന താരം അത്ര ശ്രദ്ധിക്കാറില്ല. ഇതിനെ മറികടക്കാൻ മറ്റു താരങ്ങൾ കൂടുതൽ അധ്വാനിക്കണമെന്നാണ് കൂമാൻ പറയുന്നത്.
ഫിഫയുടെ ഒഫിഷ്യൽ വെബ്സൈറ്റിനോടു സംസാരിക്കുമ്പോഴാണ് കൂമാൻ ഇതേക്കുറിച്ചു സംസാരിച്ചത്. “പതിനൊന്നു താരങ്ങൾ പതിനൊന്നു പേർക്കെതിരെ കളിക്കുന്നതു കൊണ്ട് ടീം സംഘടിതമായിരിക്കേണ്ടതും താരങ്ങളുടെ വ്യക്തിഗത മികവു കണ്ടെത്തേണ്ടതും അത്യാവശ്യമാണ്. മെസി ടീമിലുള്ളതു കൊണ്ട് മറ്റു താരങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടതും കൂടുതൽ മികച്ച പ്രകടനം നടത്തേണ്ടതും അദ്ദേഹത്തെ മികച്ച താരമാക്കി നിലനിർത്താൻ അത്യാവശ്യമാണ്.”
മെസിയെ പരിശീലിപ്പിച്ചതിന്റെ അനുഭവത്തെക്കുറിച്ചും കൂമാൻ പറഞ്ഞു. “ഒരു കളിക്കാരനെന്ന നിലയിൽ മെസിയുടെ കഴിവുകളും മുൻനിരയിൽ പ്രസ് ചെയ്യുന്നതു കൊണ്ട് താരത്തിന്റെ ആത്മാർത്ഥതയും ഞാൻ മനസിലാക്കി. വളരെ അനായസതയോടെയും വിവേകത്തോടെയും കളിക്കളത്തിൽ തുടർന്ന് മികച്ച തീരുമാനങ്ങൾ എടുക്കുന്നുവെന്നതാണ് താരത്തെ ഏറ്റവും മികച്ചതായി നിലനിർത്തുന്നത്. കാണുകയെന്നതും അതിനനുസരിച്ചു പ്രവർത്തിക്കുകയെന്നതും പ്രധാന കാര്യങ്ങളാണ്.”
ഈ സീസണിലിതു വരെ ബാഴ്സലോണക്കു വേണ്ടി ഓപ്പൺ പ്ലേയിൽ നിന്നും ഗോൾ നേടിയിട്ടില്ലെന്നത് കൂമാനു കീഴിൽ മെസിയുടെ പൊസിഷനെ കുറിച്ച് ആരാധകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. എൽ ക്ലാസികോ നടക്കാനിരിക്കെ താരം ഫോമിൽ തിരിച്ചെത്തുമെന്നാണ് അവരുടെ പ്രതീക്ഷ.