എഫ്സി ബാഴ്സലോണ, തങ്ങൾ വിട്ടുകളഞ്ഞതിൽ ഖേദിക്കുന്ന താരങ്ങളിൽ ഒരാളായിരിക്കും അഡമ ട്രവോറ. ബാഴ്സ വിട്ട് പ്രീമിയർ ലീഗിൽ എത്തിയ ശേഷം മിന്നുന്ന പ്രകടനമാണ് താരം കാഴ്ച്ചവെച്ചിരിക്കുന്നത്. നിലവിൽ വോൾവ്സിൽ കളിക്കുന്ന താരം സ്ഥിരതയാർന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. നിലവിലെ സ്പാനിഷ് ടീമിൽ അംഗമാണ് ട്രവോറ.
ഇപ്പോഴിതാ താൻ ബാഴ്സ വിടാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ട്രവോറ. തന്റെ അഭിരുചിക്ക് ഇണങ്ങാത്തത് കൊണ്ടാണ് താൻ ബാഴ്സ വിട്ടത് എന്നാണ് ട്രവോറ പറഞ്ഞത്. അല്ലാതെ ബാഴ്സയുമായി യാതൊരു പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആസ്റ്റൺ വില്ലയിൽ ആയ സമയത്താണ് താൻ തന്റെ ശരീരത്തിൽ ശ്രദ്ധിച്ചു തുടങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു. മറ്റുള്ള താരങ്ങളിൽ നിന്ന് താരത്തെ വിത്യസ്തമാക്കുന്ന ഒന്നാണ് താരത്തിന്റെ ശാരീരികമികവ്.
” എന്റെ കുട്ടിക്കാലം തൊട്ടേ, എന്റെ ജീവിതത്തിലെ ഭൂരിഭാഗം സമയവും ഞാൻ ബാഴ്സലോണയിൽ ആയിരുന്നു. എനിക്ക് സാധ്യമായിരുന്നുവെങ്കിൽ ഞാൻ ബാഴ്സ വിടുമായിരുന്നില്ല. പക്ഷെ ഞാൻ ബാഴ്സ വിടാൻ കാരണം അത് എന്റെ അഭിരുചിക്ക് ഇണങ്ങാത്തത് കൊണ്ടാണ്. അല്ലാതെ എനിക്ക് ബാഴ്സയുമായോ അവിടെയുള്ള ആരെങ്കിലുമായോ എനിക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല ” ട്രവോറ പറഞ്ഞു.
2004 മുതൽ 2013 വരെ ബാഴ്സലോണയുടെ യൂത്ത് ടീമിൽ അംഗമായിരുന്ന ട്രവോറ 2013 മുതൽ 2015 വരെ ബാഴ്സ ബിയിൽ കളിക്കുകയായിരുന്നു. ഈ കാലയളവിൽ ബാഴ്സലോണയുടെ സീനിയർ ടീമിന് വേണ്ടി കളിക്കാനും താരത്തിന് സാധിച്ചിരുന്നു. തുടർന്ന് താരം ആസ്റ്റൺ വില്ലയിൽ എത്തുകയും പിന്നീട് മിഡിൽസ്ബ്രോക്ക് വേണ്ടി കളിച്ച് ഒടുവിൽ വോൾവ്സിൽ എത്തുകയായിരുന്നു.