ചാമ്പ്യൻസ് ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച വിജയം സ്വന്തമാക്കിയെങ്കിലും ബാഴ്സലോണക്ക് ഇത്തവണത്തെ കിരീടം സ്വന്തമാക്കാനുള്ള നിലവാരമുണ്ടെന്നു കരുതുന്നില്ലെന്ന് ഡൈനാമോ കീവ് പരിശീലകൻ മിർസിയ ലുസെസ്കു. ഇന്നു രാത്രി നടക്കാനിരിക്കുന്ന മത്സരത്തിൽ ബാഴ്സലോണയെ നേരിടുന്നതിനു മുന്നോടിയായാണ് ലുസസ്കു തന്റെ എതിരാളികളെ കുറിച്ച് ഇത്തരമൊരു പ്രതികരണം നടത്തിയത്.
“ബയേൺ മ്യൂണിക്കുമായി നടന്ന മത്സരത്തിനു ശേഷം ബാഴ്സലോണ മാറ്റങ്ങൾക്കു വേണ്ടി ശ്രമിക്കുകയാണെന്നു വ്യക്തമാണ്. നിരവധി മികച്ച താരങ്ങളുള്ള ഒരു സ്ക്വാഡ് അവർക്കുണ്ടെങ്കിലും ടീമിന്റെ ശൈലി മനസിലാക്കി വരാൻ സമയമെടുക്കും.” മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ ലുസെസ്കു പറഞ്ഞു.
“ബാഴ്സലോണക്കു ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് നേടാനുള്ള സാധ്യതയുണ്ടെന്നു ഞാൻ കരുതുന്നില്ല. ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി എന്നിവർക്കു കൂടുതൽ സാധ്യതയുണ്ട്. എന്നാൽ മെസിയെപ്പോലൊരു താരം അവർക്കൊപ്പമുള്ളത് പ്രധാനമാണ്. പുതിയ പരിശീലകന് മിനിമം ആറു മാസം വേണ്ടി വരുമെന്നതു കൊണ്ട് അതിനു ശേഷം ബാഴ്സലോണ മറ്റൊരു ടീമായിരിക്കും.” ലുസെസ്കു പറഞ്ഞു.
കൊവിഡ് ബാധിച്ച ഒൻപതു പേരുൾപ്പെടെ പതിമൂന്നു കളിക്കാരില്ലാതെയാണ് ഡൈനാമോ കീവ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. മത്സരത്തിൽ വിജയം നേടിയാൽ ബാഴ്സലോണ നോക്കൗട്ട് റൗണ്ട് ഏറെക്കുറെ ഉറപ്പിക്കും.