കഴിഞ്ഞ മൂന്ന് ലാലിഗ മത്സരത്തിലും വിജയിക്കാൻ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞിട്ടില്ല. ഒരു മത്സരം സമനിലയിൽ കലാശിച്ചപ്പോൾ രണ്ട് മത്സരത്തിൽ ബാഴ്സ പരാജയം രുചിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വലിയ തോതിലുള്ള വിമർശനങ്ങളാണ് ആരാധകരിൽ നിന്നും ക്ലബ്ബിനെതിരെ ഉയർന്നു വന്നിട്ടുള്ളത്.ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് കൂമാൻ.
ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെ നേരിടാൻ പോവുന്നതിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് കൂമാൻ വിമർശനങ്ങളോട് പ്രതികരിച്ചത്.തനിക്കിപ്പോൾ വേണ്ടത് എല്ലാവരും ശാന്തത പാലിച്ചു കൊണ്ട് കുറച്ചു സമയം അനുവദിക്കലാണെന്നാണ് കൂമാൻ തുറന്നു പറഞ്ഞത്. ബാഴ്സയുടെ പരിശീലകസ്ഥാനം എളുപ്പയിരിക്കില്ല എന്നുള്ളത് തനിക്ക് അറിയാമായിരുന്നുവെന്നും കൂമാൻ അറിയിച്ചു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ വിജയിച്ചു കൊണ്ടാണ് ബാഴ്സയും യുവന്റസും കളത്തിലിറങ്ങുന്നത്.
” ഞാൻ പരിശീലകസ്ഥാനമേറ്റടുക്കാൻ വേണ്ടി ബാഴ്സയുമായി സംസാരിക്കുന്ന സമയത്ത് ഇതൊരു എളുപ്പമുള്ള ജോലിയായിരിക്കില്ല എന്നെനിക്കറിയാമായിരുന്നു. ആദ്യമായി ഞങ്ങൾക്ക് ഒരുപാട് മാറ്റങ്ങൾ ആവിശ്യമുണ്ട്. രണ്ടാമതായി ഈ കോവിഡ് പശ്ചാത്തലമാണ്. ഈയൊരു സന്ദർഭത്തിൽ ഇത് വലിയൊരു വെല്ലുവിളിയാണ്. ഞാൻ ആകെ നിങ്ങളോട് ചോദിക്കുന്ന കാര്യം, ശാന്തത പാലിക്കാനും സമയം അനുവദിക്കാനുമാണ് ” കൂമാൻ തുടർന്നു.
” റയൽ മാഡ്രിഡിനെതിരെയുള്ള മത്സരത്തിൽ ആദ്യത്തെ അറുപത് മിനിറ്റുകളിൽ ഞങ്ങൾ മികച്ച രീതിയിലാണ് കളിച്ചത്. മത്സരം 2-1 ൽ അവസാനിച്ചിരുന്നുവെങ്കിൽ ഞാൻ അഭിപ്രായങ്ങളെ ബഹുമാനിക്കുമായിരുന്നു. ഞങ്ങൾ ഒരല്പം മോശം തന്നെയായിരുന്നു. പക്ഷെ ആദ്യത്തെ ഒരു മണിക്കൂർ, ഞങ്ങൾക്ക് ലീഡ് നേടാൻ പറ്റിയ ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നു. ഒരുപാട് ആഗ്രഹങ്ങൾ ഉള്ള ഒരു ടീമിനെയാണ് ഞാൻ കണ്ടത് ” കൂമാൻ പറഞ്ഞു.