ഫുട്ബോൾ ലോകത്ത് ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന വാർത്ത ബോസ്നിയൻ താരം മിറാലം പ്യാനിച്ചിനെയും ബ്രസീലിയൻ താരം ആർതർ മെലോയേയും ബാഴ്സ പരസ്പരം കൈമാറിയതാണ്. ഇരുപത്തിമൂന്നുകാരനായ താരത്തെ നൽകി ബാഴ്സ മുപ്പതുകാരനായ കളിക്കാരനെ സ്വന്തമാക്കിയതിന്റെ അവിശ്വസനീയത എല്ലാവർക്കുമുണ്ട്. ബാഴ്സലോണ വിഡ്ഢിത്തം കാണിച്ചുവെന്ന് ഏവരും ചിന്തിക്കുന്ന ട്രാൻസ്ഫറിലൂടെ സ്വന്തമാക്കിയത് ഒരു കടുത്ത റയൽ ആരാധകനെയാണ്.
2009ൽ എഎസിനു നൽകിയ അഭിമുഖത്തിലാണ് തന്റെ റയൽ ആരാധന പ്യാനിച്ച് ആദ്യമായി വെളിപ്പെടുത്തുന്നത്. “റൊണാൾഡോ നസറിയോയുടെയും സിദാന്റെയും കാലം മുതൽ ഞാൻ റയൽ മാഡ്രിഡിനെ പിന്തുടരുന്നുണ്ട്. ആ സമയം മുതലും എല്ലാ കാലത്തും റയൽ മാഡ്രിഡാണ് എന്റെ പ്രിയപ്പെട്ട ക്ലബ്. ആരാണു റയൽ മാഡ്രിഡിൽ കളിക്കാൻ ആഗ്രഹിക്കാത്തത്.” പ്യാനിച്ച് പറഞ്ഞു.
അതിനു ശേഷം 2013ലും സമാനമായ വാക്കുകൾ പ്യാനിച്ച് ആവർത്തിച്ചിരുന്നു. “സിദാനാണ് ഒരു ഫുട്ബോൾ താരമാകണമെന്ന ആഗ്രഹം എനിക്കുണ്ടാക്കുന്നത്. ഞാൻ കണ്ടതിൽ ഏറ്റവും മികച്ച താരമാണദ്ദേഹം. എന്റെ പ്രിയപ്പെട്ട ക്ലബ് റയൽ മാഡ്രിഡും.”
ബാഴ്സയിലെത്തുന്നത് സ്വപ്നമായി കണക്കാക്കിയ ആർതറിനെ നൽകിയാണ് കടുത്ത റയൽ മാഡ്രിഡ് ആരാധകനായ പ്യാനിച്ചിനെ ബാഴ്സ സ്വന്തമാക്കിയതെന്നത് വിരോധാഭാസമാണ്. ഈ ട്രാൻസ്ഫർ കൊണ്ട് ഏതു ക്ലബാണു നേട്ടമുണ്ടാക്കുകയെന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.