ഈ ആഴ്ച്ച ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ പോരാട്ടമായിരിക്കും യുവന്റസ് vs ബാഴ്സലോണ മത്സരം. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരിക്കൽ കൂടി മുഖാമുഖം വരുന്ന മത്സരമെന്ന രീതിയിൽ ആകർഷണം നേടിയെങ്കിലും റൊണാൾഡോ കളിക്കുമോ എന്നുള്ളത് ഇതുവരെ ഉറപ്പായിട്ടില്ല. താരം കോവിഡിൽ നിന്ന് മുക്തനായാൽ മാത്രമേ ബാഴ്‌സക്കെതിരെ താരം ബൂട്ടണിയുകയൊള്ളൂ.
എന്നാൽ ബാഴ്സയെ നേരിടാനൊരുങ്ങുന്ന യുവന്റസും അത്ര നല്ല നിലയിലല്ല. കഴിഞ്ഞ രണ്ട് സിരി എ മത്സരത്തിലും വിജയം നേടാൻ പിർലോയുടെ യുവന്റസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മത്സരം ഹെല്ലസ് വെറോണക്കെതിരെ സമനില വഴങ്ങിയപ്പോൾ അതിന് മുമ്പുള്ള സിരി എ മത്സരത്തിൽ ക്രോട്ടോണെയാണ് യുവന്റസിനെ സമനിലയിൽ തളച്ചിരുന്നത്. കൂടാതെ റൊണാൾഡോയുടെ അഭാവവും യുവന്റസിനെ ബാധിക്കുന്നുണ്ട്. എന്നാൽ ഈ സമനിലകൾക്കിടയിലും ബാഴ്സക്കെതിരെയുള്ള മത്സരം തന്നെ ഭയപ്പെടുത്തില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പരിശീലകൻ പിർലോ.
” ബാഴ്‌സക്കെതിരെയുള്ള മത്സരം എന്നെ ഭയപ്പെടുത്തുകയോ ആശങ്കപ്പെടുത്തുകയോ ചെയ്യുന്നില്ല. കാരണം ഇത് രണ്ടും വിത്യസ്തമായ മത്സരങ്ങളാണ്. സിരി മത്സരങ്ങളും ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും വ്യത്യസ്ഥമായ ശൈലിയിലാണ് കളിക്കുക. ഞാൻ മുമ്പ് പറഞ്ഞ പോലെ തന്നെ, അറ്റലാന്റ, വെറോണ എന്നിവരെ പോലുള്ളവർ ബാഴ്സലോണയുടെ കളി ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്ഥമായാണ് കളിക്കുക. ഇത്തരം മത്സരങ്ങൾ കളിക്കുമ്പോൾ ഞങ്ങൾ എതിരാളികൾക്കനുസരിച്ചാണ് കളിക്കുക. മത്സരത്തിൽ വിജയിക്കാൻ തന്നെയാണ് ഞങ്ങൾ ശ്രമിക്കുക ” പിർലോ പറഞ്ഞു.
ഈ വരുന്ന ബുധനാഴ്ച്ചയാണ് യുവന്റസ് ബാഴ്സയെ നേരിടുന്നത്
ചാമ്പ്യൻസ് ലീഗിൽ ഇരുടീമുകളും വിജയിച്ചു കൊണ്ടാണ് വരുന്നത്. എന്നാൽ തങ്ങളുടെ ലീഗുകളിൽ അവസാനമായി കളിച്ച മത്സരങ്ങളിൽ ഇരുടീമുകൾക്കും വിജയിക്കാൻ കഴിഞ്ഞിട്ടില്ല. ബാഴ്സ ലാലിഗയിൽ മൂന്ന് മത്സരത്തിൽ വിജയം കാണാനാവാതെ പോയപ്പോൾ യുവന്റസ് രണ്ട് മത്സരങ്ങളിൽ വിജയിച്ചിട്ടില്ല.