ബയേൺ മ്യൂണിച്ചിനെതിരായ തോൽവിക്ക് ശേഷമായിരുന്നു പരിശീലകൻ ക്വീക്കേ സെറ്റിയനെ ബാഴ്സ പരിശീലകസ്ഥാനത്ത് നിന്നും മാറ്റിയത്. അതിന് ശേഷം ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടാൻ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേര് അർജന്റൈൻ പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോയുടേത് ആയിരുന്നു. അദ്ദേഹത്തെ ബാഴ്സ സമീപിച്ചുവെന്നും അദ്ദേഹം അത് നിരസിച്ചുമെന്നുമുള്ള വാർത്തകൾ അന്ന് പുറത്തുവന്നിരുന്നു.എന്നാൽ ഇതിന്റെ സത്യാവസ്ഥകൾ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ പോച്ചെട്ടിനോ.
ബാഴ്സയിൽ നിന്നും തനിക്ക് ഒരു ഓഫറും വന്നിട്ടില്ല എന്നാണ് പോച്ചെട്ടിനോ അറിയിച്ചത്. സ്പാനിഷ് മാധ്യമമായ എഎസ്സാണ് അദ്ദേഹത്തിന്റെ വാക്കുകളെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാഴ്സയോ പ്രസിഡന്റ് ബർത്തോമുവോ ക്ലബോ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ബാഴ്സയുടെ സ്പോർട്ടിങ് ഡയറക്ടർ ആയ റാമോൺ പ്ലാനസ് തന്നെ ബന്ധപ്പെട്ടത് അതിനായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിശീലിപ്പിക്കൽ സ്വപ്നമായി കാണുന്നത് റയൽ മാഡ്രിഡിനെയാണെന്നും പോച്ചെട്ടിനോ അറിയിച്ചു. നിലവിൽ ഫ്രീ ഏജന്റ് ആണ് മൗറിസിയോ.
” അവർ ബാഴ്സയുടെ പരിശീലകനാവാൻ ഓഫറുമായി എന്നെ സമീപിച്ചിട്ടില്ല. ഞാൻ പ്രസിഡന്റ് ബർത്തോമുവിനെ കണ്ടിട്ടുമില്ല. ഞാൻ ബാഴ്സയുടെ സ്പോർട്ടിങ് ഡയറക്ടർ ആയ റാമോൺ പ്ലാനസുമായി ഭക്ഷണം കഴിച്ചിരുന്നു. അത് ഇതുമായി ബന്ധപ്പെട്ടല്ല. ഞങ്ങൾ കുറെ കാലം മുമ്പ് തന്നെ സുഹൃത്തുക്കളാണ്. 2009-ൽ അദ്ദേഹം എസ്പനോളിന് വേണ്ടി സൈൻ ചെയ്ത അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ് ” പോച്ചെട്ടിനോ പറഞ്ഞു.
” എനിക്ക് പിഎസ്ജിയിൽ നിന്നോ യുവന്റസിൽ നിന്നോ ഇന്റർമിലാനിൽ നിന്നോ ഓഫറുകൾ ലഭിച്ചിട്ടില്ല. എനിക്ക് നിങ്ങളോട് നുണ പറയേണ്ട ആവിശ്യവുമില്ല. എനിക്ക് ആകെ ഓഫറുകൾ വന്നത് ബെൻഫിക്കയിൽ നിന്നും മൊണോക്കോയിൽ നിന്നുമാണ്. ഞാൻ എന്നെങ്കിലും റയൽ മാഡ്രിഡിനെ പരിശീലിപ്പിക്കുമോ എന്ന് എനിക്കറിയില്ല. പക്ഷെ തീർച്ചയായും അതന്റെ സ്വപ്നമാണ്. നിലവിൽ റയൽ മികച്ച ക്ലബ് അല്ലെങ്കിലും മികച്ച ക്ലബുകളിൽ ഒന്ന് തന്നെയാണ്. എല്ലാവർക്കും റയൽ മാഡ്രിഡിനെ പരിശീലിപ്പിക്കണമെന്ന സ്വപ്നം കാണും. അത് പോലെ തന്നെയാണ് ഞാനും ” പോച്ചെട്ടിനോ പറഞ്ഞു.